Friday, June 1, 2012

മാധവിക്കുട്ടി

എന്‍ .എസ്. മാധവന്‍
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമല സുരയ്യ ഓര്‍മയായിട്ട് മെയ് 31-ന് 3 വര്‍ഷം. എന്‍ . എസ് മാധവന്റെ ഓര്‍മ.

കുട്ടിക്കാലത്ത് സാഹിത്യകാരന്‍ ആകണമെന്ന് ആഗ്രഹിക്കുവാന്‍ എനിക്കു ധൈര്യം തന്നത് എഴുതുന്നവരുടെ കൂട്ടത്തില്‍ മാധവിക്കുട്ടി മാത്രമായിരുന്നു. എഴുത്തുകാര്‍ക്ക് പറഞ്ഞിട്ടുള്ള ലക്ഷണങ്ങള്‍ ഒന്നും എനിക്കില്ലായിരുന്നു.

എന്റെ കുട്ടിക്കാലത്തെ സങ്കടകരമായ ഒരോര്‍മ, ചുറ്റുവട്ടത്ത് താമസിച്ചിരുന്ന നോവലിസ്റ്റ് രാജലക്ഷ്മിയുടെ ആത്മഹത്യയായിരുന്നു. സ്ത്രീയായതിന്റെ പേരില്‍ അവര്‍ എഴുത്തിനു നല്കിയ കൂലിയായിരുന്നുവേത്ര ആ മരണം.

അങ്ങനെ ഒരു മലയാളിസാഹിത്യകാരന്റെ നിര്‍മിതിക്ക് ആവശ്യമുള്ള കോപ്പുകളൊന്നും-പുരുഷനാണെന്നൊഴിച്ചാല്‍-ഞങ്ങളില്‍ പലരുടെയും പക്കല്‍ ഉണ്ടായിരുന്നില്ല. 1950 കളിലെ എഴുത്തുകാരന് ഒന്നുകില്‍ ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ അക്കാദമിക് പ്രാവീണ്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അപരിചിതദേശങ്ങളില്‍ ചില്ലിക്കാശ് ഇല്ലാതെ അലഞ്ഞുനടന്ന് വേണ്ടത്ര 'ജീവിതാനുഭവങ്ങള്‍' നേടിയെടുത്തിരിക്കണം. പലപ്പോഴും ഈ യാത്രകള്‍ സാങ്കല്പികമായിരിക്കും എന്നതു വേറെ കാര്യം. ഇതുമല്ലെങ്കില്‍ കാലോചിതമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുക; അവ വിളിച്ചുകൂവി നടക്കുക. കുറച്ചുനാള്‍ കഴിഞ്ഞാല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശക്തമായ സാംസ്‌കാരികവിഭാഗങ്ങള്‍ നിങ്ങളെ സുഖദമായ ഭ്രമണപഥങ്ങളിലേക്ക് വിക്ഷേപിക്കും.

മാധവിക്കുട്ടിക്ക് ഈവക ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല. അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല എന്നു കേട്ടത് ഞങ്ങളെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. ഏതായാലും അവര്‍ ബിരുദധാരി ആയിരുന്നില്ല. അവര്‍ക്ക് വേണ്ടത്ര പദസ്വാധീനം ഉണ്ടായിരുന്നോ എന്നതും സംശയാസ്​പദമായിരുന്നു. എന്നിട്ടും മാധവിക്കുട്ടി അവരുടെ ബാല്യസ്മൃതികളുടെ സുഗന്ധാരാമത്തില്‍ നിന്ന്-പൂക്കളില്‍നിന്ന് തേനീച്ചകള്‍ മധു ശേഖരിക്കുന്നതുപോലെ-വാക്കുകള്‍ സഞ്ചയിച്ചു മലയാളത്തിലെ എക്കാലത്തും ഓര്‍ക്കുന്ന പല കഥകളും എഴുതി.

മലയാളകഥയില്‍ വസന്തം വന്ന കാലമായിരുന്നു അത്. എം.പി. നാരായണപിള്ള, വി.കെ.എന്‍., ഒ.വി. വിജയന്‍ തുടങ്ങിയ പ്രബലര്‍ തിങ്ങിനിറഞ്ഞിരുന്ന സ്ഥലത്താണ് മാധവിക്കുട്ടി വിരല്‍കുത്തുവാന്‍ ഇടം തേടിയത്. കൂസലില്ലാതെ മാധവിക്കുട്ടി അവരുടെ ഇടയില്‍ പിടിച്ചുനില്ക്കുക മാത്രമല്ല ചെയ്തത്; അവര്‍ അവിസ്മരണീയമായ പല കഥകളും എഴുതി. അങ്ങനെ നാലപ്പാട്ട് കുടുംബത്തില്‍ പിറന്നതുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുവാന്‍ മാധവിക്കുട്ടിക്ക് അവസരം കിട്ടിയത് എന്നു പറഞ്ഞുനടന്നിരുന്ന ഏറ്റവും കടുത്ത ദോഷൈകദൃക്കിന്റെവരെ വായടയുന്നതും ഞങ്ങള്‍ കണ്ടു.

മാധവിക്കുട്ടി ഉയര്‍ത്തിയ വെല്ലുവിളി ഇതായിരുന്നു. എഴുത്തുകാരന്‍ ആകുവാന്‍ അടിസ്ഥാനയോഗ്യതകള്‍ ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല. നിങ്ങളില്‍ എഴുത്ത് ഉണ്ടെങ്കില്‍, അതുമായി മുന്നോട്ടു പോകുവാനുള്ള ചങ്കൂറ്റമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എഴുത്തുകാരനാകാം.


'ഉള്ളില്‍ത്തട്ടി സത്യം പറയുവാനുള്ള ശേഷി എന്റെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ആ വീട്ടിലെ അന്തേവാസികള്‍ വായ് മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെയായിരുന്നു. അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവര്‍ കഴിച്ചുകൂട്ടി,' മാധവിക്കുട്ടി ഓര്‍മക്കുറിപ്പുകളില്‍ എഴുതി. അവര്‍ മുക്തി കണ്ടെത്തുവാന്‍ തിരഞ്ഞെടുത്ത മാര്‍ഗം ഒരുപക്ഷേ, എന്റെ കഥ എന്ന അവരുടെ ആത്മകഥ ആയിരിക്കണം. അതിലൂടെ വിരസവും അതിസാധാരണവും ആയ പരിസരങ്ങളുമായി ബന്ധിപ്പിച്ചുനിര്‍ത്തിയ എല്ലാ പാശങ്ങളും അത്യന്തം വേദന സഹിച്ച് അവര്‍ മുറിച്ചുകളഞ്ഞു.

മാധവിക്കുട്ടി എഴുതിത്തുടങ്ങിയ കാലത്ത് അവരുടെ സമകാലികര്‍ പുരുഷന്മാര്‍ ആയിരുന്നുവെന്നതുപോട്ടെ, അവരുടെ എഴുത്തില്‍നിന്നു കേട്ട സ്വരം മുഴങ്ങുന്ന ആണൊച്ച ആയിരുന്നു. അതിനിടയിലൂടെയാണ് വായനക്കാര്‍ ആദ്യമായി വേറിട്ടൊരു ശബ്ദം കേള്‍ക്കുന്നത്. അല്ല, അത് പെണ്ണിന്റെ ശബ്ദം ആയിരുന്നില്ല. അത് ഉഭയലിംഗങ്ങളുടെ ശബ്ദമായിരുന്നു. ആഖ്യാതാവ് സ്ത്രീപുരുഷ ശബ്ദങ്ങളില്‍ സംസാരിക്കുന്നതു വായനക്കാര്‍ ആദ്യമായി കേള്‍ക്കാന്‍ തുടങ്ങി.

സമകാലികരായ പുരുഷന്മാരായ എഴുത്തുകാരില്‍നിന്നു വ്യത്യസ്തയായി മാധവിക്കുട്ടിക്ക് ലോകത്തിനെ എതിര്‍ലിംഗത്തിലുള്ള, അതായത് അവരുടെ കാര്യത്തില്‍ പുരുഷന്മാര്‍, കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ കാണുന്നതില്‍ പ്രയാസമുണ്ടായിരുന്നില്ല. ഒരര്‍ഥത്തില്‍ ഞാനടക്കമുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന എഴുത്തുകാരുടെ ഒരു തലമുറയ്ക്ക് സ്വലിംഗത്തിന്റെ അല്ലാത്ത ശബ്ദത്തില്‍ കഥ പറയുവാന്‍ പ്രചോദനം നല്കിയതു മാധവിക്കുട്ടിയായിരുന്നു.

സ്ത്രീപക്ഷ എഴുത്തുകാരിയായി മാധവിക്കുട്ടിയെ വിശേഷിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയം വെറും ലിംഗപരമായ കളത്തില്‍ തളച്ചിടുകയായിരിക്കും. മാധവിക്കുട്ടിയുടെ സ്ത്രീത്വം വന്ന വഴികളില്‍ ശരീരത്തെക്കുറിച്ചുള്ള തീവ്രമായ ബോധമുണ്ടായിരുന്നു. സ്ത്രീവാദം അതില്‍നിന്നു വേര്‍പെടുത്താന്‍ പറ്റാത്ത അംശമായിരുന്നു. എല്ലാ വലിയ എഴുത്തുകാരെയുംപോലെ മാധവിക്കുട്ടി സ്വന്തം രാഷ്ട്രീയം സംവദിക്കുവാന്‍ ഉതകുന്ന ഒരു ആവിഷ്‌കാരരീതികണ്ടെത്തി. ശകലിതവും പ്രകോപിപ്പിക്കുന്നതും കൗശലം നിറഞ്ഞതുമായ ആവിഷ്‌കാരം. കീഴാളരും മേലാളരും വ്യക്തികളും തമ്മിലുള്ള പരസ്​പരബന്ധങ്ങളെപ്പറ്റി മുറുക്കം തോന്നിപ്പിക്കുന്ന കവിതകളും ഓര്‍മക്കുറിപ്പുകളും കഥകളും അവര്‍ എഴുതി. ചുമരുകള്‍ക്കുള്ളിലെ രാഷ്ട്രീയമായിരുന്നു അവരുടെ സാഹിത്യത്തിലെ പ്രമേയം.

സ്ത്രീവിദ്വേഷം തുളുമ്പുന്ന നമ്മുടെ സമൂഹത്തില്‍ സത്യസന്ധയായ എഴുത്തുകാരിയായി ജീവിച്ചത് എളുപ്പമാകുവാന്‍ ഇടയില്ല. ഏതാണ്ട് ഒടുക്കംവരെ മാധവിക്കുട്ടി അതില്‍നിന്ന് ഒളിച്ചോടിയില്ല. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുവാനുള്ള അപാരകൗശലമുണ്ടായിരുന്ന അവര്‍ എതിരാളികളുടെ വിദ്വേഷത്തെ നേരിട്ടത് എഴുത്തുകൊണ്ടും സഹജവഴിയില്‍ നടന്നുമാണ്. ഇസ്‌ലാമിലേക്കുള്ള അവരുടെ സഞ്ചാരവും ഈ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ എന്ന് എനിക്കു കൃത്യമായി പറയുവാന്‍ പറ്റുന്നില്ല.

അവസാനമായി ഞാന്‍ മാധവിക്കുട്ടിയെ കണ്ടത് അവരുടെ എറണാകുളം ഫ്ലറ്റില്‍ വെച്ചാണ്. അത്താഴമേശയില്‍ ഞാന്‍ ചോദിച്ചു: 'പ്രിയപ്പെട്ട നായിക സുരയ്യയാണോ?'
'അല്ല വഹീദാ റഹ്മാനാണ്.'
തുടര്‍ന്ന് ആവേശത്തോടെ ഗുരുദത്തിനെയും വഹീദാ റഹ്മാനെയും
മാധവിക്കുട്ടി അനുകരിക്കുവാന്‍ തുടങ്ങി. ആ ജോടി അഭിനയിച്ച ചൗദ്‌വിന്‍ കാ ചാന്ദ് എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ രണ്ടു വരികളും അവര്‍ മൂളി.

മടങ്ങുന്ന നേരത്ത് വിരുന്നുമുറിയിലെ മച്ചില്‍ അലങ്കാരത്തിനായി ഒട്ടിച്ചുവെച്ചിരുന്ന ഒരു 'വെള്ളിനക്ഷത്രം' തന്നത്താനെ അടര്‍ന്നുവീണു. മാധവിക്കുട്ടി അതെടുത്ത് എന്റെ മകള്‍ക്കു കൊടുത്തുകൊണ്ട് ഒരു പടിഞ്ഞാറന്‍ വിശ്വാസം ഓര്‍മിപ്പിച്ചു, 'നക്ഷത്രം വീഴുന്നതു കാണുമ്പോള്‍ എന്തെങ്കിലും ആഗ്രഹിച്ചാല്‍ അതു നടക്കും.'
കമലേ, വിട.

(പുറം മറുപുറം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment