Friday, June 1, 2012

എഴുത്തുകാരികളുടെ ശരീരം


എഴുത്തുകാരികളുടെ ശരീരം 

എഴുത്തു തലയ്ക്കു പിടിച്ചപ്പോള്‍ മുതല്‍ പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തവ പലതും അതേ വേഗത്തില്‍ തിരിച്ചു വന്നു. ചിലത് അച്ചടിച്ചു വന്നു. ഇപ്പോഴും അത് വലിയ വ്യത്യാസമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ എഴുത്തുപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പലപ്പോഴും വിചാരിക്കാറുണ്ട്. കുടുംബത്തിനും സമൂഹത്തിനും എഴുത്തിനുമിടയില്‍ കിടന്ന് ശ്വാസം മുട്ടിപ്പോകുന്നു. അപ്പോഴൊക്കെ മുമ്പേ കടന്നുപോയ എഴുത്തുകാരികളെയെല്ലാം പൂവിട്ട് ആരാധിക്കാനാണ് തോന്നാറ്. ആ മഹതികള്‍ എഴുത്തിന്റെ ലോകത്ത് പിടിച്ചു നില്ക്കാന്‍, ഹൃദയം എത്രമാത്രം കല്ലുറപ്പുള്ളതാക്കിയിട്ടുണ്ടാവും എന്നോര്‍ത്ത് അന്തം വിടുന്നു.

മഹാശ്വേതാദേവിക്ക് ജ്ഞാനപീഠം എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണമെന്നാണ് ഒരു നേതാവിന്റെ പ്രസംഗത്തില്‍ നിന്ന് കേട്ടത്. മാത്രമല്ല എണ്‍പത്താറാം വയസ്സിലും അവര്‍ക്ക് സൂക്കേടുണ്ട്...(സൂക്കേടിന് പകരം കൊടുത്ത വാക്ക് സഭ്യമല്ല)

അതായത്, സ്ത്രീ ഏതു രംഗത്തേക്കു വരുന്നതും കണ്ണും കൈയ്യും കാണിച്ചും മേനി കാണിച്ചും പ്രലോഭിപ്പിച്ചും വേണമെങ്കില്‍ ശരീരം കാഴ്ചവെച്ചുമാണെന്ന് ചുരുക്കും. ഇത് ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ പുരുഷ എഴുത്തുകാര്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. കഥകളെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പുരുഷന്മാരും ഇങ്ങനെ പറയുന്നു എന്ന് കരുതരുത്. അസഹിഷ്ണുക്കളായ ചിലര്‍ മാത്രം. പക്ഷേ, വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശീലിക്കേണ്ട ചില മര്യാദകളുണ്ട്. സ്ത്രീയേ അപമാനിക്കാവുന്ന പല പ്രയോഗങ്ങളും ഉപയോഗിച്ചു കാണാറുണ്ട്. ചിലപ്പോള്‍ വ്യക്തിവൈരാഗ്യത്തിനുമേല്‍ പുരുഷനേയും. സ്ത്രീക്കുമേല്‍ സദാചാരത്തിന്റെ എതിര്‍വാക്കുകളും പുരുഷനെ വിവരമില്ലാത്തവനുമാക്കുന്നു. ഉപയോഗിച്ച വാക്ക് ശരിയല്ല എന്നാരെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ സഭ്യമാണെന്നു വരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അതുകാണുമ്പോള്‍ ഇവിടുത്തെ ഭാഷാശാസ്ത്രകാരന്‍മാര്‍ അന്തം വിട്ടു പോകുന്നു.

പറഞ്ഞുവന്നത് എഴുത്തുകാരിയുടെ ശരീരമാണ്. അല്ലെങ്കില്‍ കലാകാരിയുടെപുറത്തിറങ്ങുന്നവളുടെ...അംഗീകാരങ്ങള്‍ക്കു പിന്നില്‍ അവളുടെ സൃഷ്ടിയുടെ മഹത്വമല്ല, ശരീരത്തിന്റെ മഹത്വമാണ്. അങ്ങനെയെങ്കില്‍, ഹോ! സര്‍വ്വലോക വനിതകളെ എഴുത്ത് എന്നപേരും പറഞ്ഞ് നിങ്ങള്‍ സാഹിത്യലോകത്തേക്ക് വരിക. പത്രാധിപന്മാര്‍ കാത്തിരിക്കുന്നു. പാട്ടും നൃത്തവും അഭിനയവുമായി വരിക..കലാലോകം നിങ്ങള്‍ക്കായി തുറന്നു കിടക്കുന്നു. പെണ്ണിന് സ്വാതന്ത്ര്യവും സമത്വവുമില്ലെന്നാരു പറഞ്ഞു. എല്ലാം നേടിയെടുക്കാന്‍ പറ്റിയ ഒരു ശരീരമല്ലേ നിങ്ങള്‍ക്കുള്ളത്...
എന്നൊക്കെ പറയാനാണ് തോന്നുക.

അപ്പോള്‍ ആണ്‍ എഴുത്തുകാര്‍കലാകാരന്മാര്‍ എന്തടിയറ വെച്ചിട്ടാണാവോ മഹത്വത്തിലേക്കുയരുന്നത്? അത് ആരു വിശദീകരിച്ചു തരുമോ ആവോ...

തോട്ടയ്ക്കാട്ട് ഇക്കാവമ്മ മുതല്‍ ലളിതാംബിക അന്തര്‍ജ്ജനം വരെ എത്രയോ പേരെ എഴുത്തുകൊണ്ട് തന്നെ, ചില പ്രശസ്ത എഴുത്തുകാര്‍ വരെ എതിരിട്ടിരിക്കുന്നു. അവിടെയും എഴുത്തിന്റെ നെല്ലോ പതിരോ അല്ല, അവളുടെ ശരീരമാണ് വിഷയം. ഒരുവളുടെ അടങ്ങാത്ത ലൈംഗികതൃഷ്ണ അടക്കാന്‍ പറ്റാത്തതു കൊണ്ടാണത്രേ എഴുതുന്നത്. മാധവിക്കുട്ടിയെക്കുറിച്ചൊന്നും പറയുകേ വേണ്ട. അപ്പോള്‍ പുരുഷനെഴുതുന്നതോ... ഉദാത്ത ചിന്തകൊണ്ട്, സാമൂഹ്യബോധം കൊണ്ട്, ആത്മസത്തയുടെ സവിശേഷ ചൈതന്യം കൊണ്ട്, ദൈവികമായ പ്രചോദനം കൊണ്ട്, അന്തര്‍ജ്ഞാനം കൊണ്ട്....ഈ സവിശേഷ ഗുണങ്ങളൊന്നും സ്ത്രീ എഴുത്തിനില്ലെന്ന് ചില വിമര്‍ശകരും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയെഴുത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ പോലെയാണ്...കണ്ണീരും കിനാവും പംക്തിയില്‍ കൊടുക്കാവുന്ന തരത്തിലുള്ള എഴുത്തുകള്‍ കൊടുത്താല്‍ പൊതുവേ സ്ത്രീകളോട് സോഫ്റ്റ് കോര്‍ണറുള്ള പുരുഷ പത്രാധിപന്മാര്‍ ഫോട്ടോ അടക്കം കൊടുത്ത ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും. ഇങ്ങനെ പോകുന്നു നമ്മുടെ നിരൂപണങ്ങള്‍...
എഴുത്ത് സ്ത്രീയിലേക്കെത്തുമ്പോള്‍ എന്തുകൊണ്ട് ശരീരത്തിലേക്കാവുന്നു?

വിമര്‍ശിക്കേണ്ടത് സഹൃദയരാണ്. നല്ലതായാലും മോശമായാലും. സഹൃയരെന്നാല്‍ വായിക്കുന്നവര്‍ എന്നു പറയാം. സഹൃദയരല്ലാത്തവര്‍ക്ക് എഴുത്തിനെപ്പറ്റി അഭിപ്രായം പറയാനാവില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അവിടെ എഴുത്ത്/രചനയാണ് മുഖ്യം. എഴുതിയ വ്യക്തിയല്ല. ആണോ പെണ്ണോ എന്ന വ്യത്യാസമല്ല. കാവ്യമീമാംസകാരനായ രാജശേഖരന്‍ സഹൃദയനെ നാലായി തിരിച്ചിട്ടുണ്ട്. അരോചികള്‍ എന്നു പറയുന്ന ഒന്നാമത്തെക്കൂട്ടര്‍ വിവേകശാലികളാണ്. സതൃണാഭ്യവഹാരികള്‍ എന്ന അടുത്തകൂട്ടര്‍ അടയോടുകൂടി ഇലയും തിന്നുന്നവരാണ്. മൂന്നാമത്തെക്കൂട്ടര്‍ ഗുണങ്ങള്‍ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന മത്സരികളാണ്. തത്ത്വാഭിനേശികള്‍ എന്ന അവസാനത്തെക്കൂട്ടര്‍ക്ക് എഴുത്തിന്റെ ധര്‍മ്മം നന്നായി അറിയുന്നവരാണ്. പുണ്യശാലികളായ ചിലര്‍ക്കു മാത്രമേ ഇത്തരം സഹൃദയരെ കിട്ടൂ എന്നും കാവ്യമീമാംസാകാരന്‍ പറയുന്നു.

എഴുത്തുകാരന്റെ കൃതി വായിക്കാതെ അതിന്റെ ഗുണദോഷങ്ങളെ പറ്റി എങ്ങനെ പറയാനാവും? എഴുത്തുമായി ബന്ധപ്പെട്ട് എഴുതിയ വ്യക്തിയെപ്പറ്റി എങ്ങനെ പറയാനാവും?

വായ്ക്ക് തോന്നുന്നത് കോതയക്ക് പാട്ടെന്നോ?

അത്ര നിസ്സാരമായി എഴുത്തിനേയും കലയേയും കാണാനാവുമോ? അത് നിര്‍വ്വഹിക്കുന്നത് പെണ്ണായതുകൊണ്ട് എന്തും ആര്‍ക്കും പറയാമെന്നോ?

പ്രസവിക്കുക എന്ന സൃഷ്ടി മാത്രമേ സ്ത്രീക്കു പാടുള്ളു എന്ന അലിഖിത നിയമം ചിലരിലെങ്കിലും നിലനില്ക്കുന്നു. മറ്റു സൃഷ്ടികള്‍ പുരുഷന് മാത്രവും.

എഴുത്തുകാരികള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് എന്നതാണ് മറ്റൊന്ന്. അടുപ്പമുള്ളവരില്‍ നിന്നുപോലും ഈ വാക്കുകള്‍ കേട്ടിട്ടുണ്ട്. പെണ്‍പേരുവെച്ച് എന്തു കൊടുത്താലും പ്രസിദ്ധീകരിച്ചു വരും. ആണുങ്ങള്‍ക്കിവിടെ പിടിച്ചു കയറാന്‍ വലിയ പാടാണ് എന്ന്.

എന്തെല്ലാം ആരോപണങ്ങള്‍ കേട്ടുകൊണ്ടാവും നമ്മുടെ ഓരോ എഴുത്തുകാരികളും ജീവിച്ചിട്ടുണ്ടാവുക? കുടുംബത്തേയും സമൂഹത്തേയും ഭയന്നിട്ടാണ് ചെറുപ്പത്തില്‍ എഴുതാതിരുന്നതെന്ന് മധ്യവയസ്സിനുശേഷം എഴുത്തില്‍ സജീവമായ എഴുത്തികാരികള്‍ പറയാറുണ്ട്.

വളരെ കുറച്ചുകാലത്തെ അനുഭവം കൊണ്ട് ഇവള്‍ക്കും അതു ബോധ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഉപദേശ രൂപത്തിലാണ് കിട്ടാറ്. അടുപ്പമോ പരിചയമോ ഇല്ലാത്ത പുരുഷന്മാരില്‍ നിന്ന്...ഇപ്പറഞ്ഞത് അതിശയോക്തിയായി ആര്‍ക്കെങ്കിലും തോന്നിയാല്‍ നൂറുകണക്കിന് കത്തുകള്‍ തെളിവായിട്ടുണ്ട്.

എഴുതുന്നെങ്കില്‍ ദൈവചനങ്ങളെഴുതുക., അടങ്ങിയൊതുങ്ങി ജീവിക്കാന്‍ നോക്കുക, നരകശിക്ഷയെപ്പറ്റിയും ചിലരോര്‍മിപ്പിക്കാറുണ്ട്. ഈ കോളത്തിനു മുകളിലെ ഇത്തിരിപ്പോന്ന ഫോട്ടോ കണ്ട് തലമുടി മറച്ചും പര്‍ദയിട്ടും മിടുക്കിയാവാന്‍ ആവശ്യപ്പെടാറുണ്ട്..പലപ്പോഴും കത്തുകളിലെ ഉള്ളടക്കം ഇങ്ങനെപോകും.

അപ്പോഴൊക്കെ കുട്ടിയായിരുന്നപ്പോഴുള്ള ചില കാര്യങ്ങള്‍ ഓര്‍ത്തു പോകാറുണ്ട്.

രണ്ടുവീടുകള്‍ക്കപ്പുറമുള്ള അയല്‍വക്കം കുശവന്‍മാരുടെ വീടായിരുന്നു. പകല്‍ മുഴുവന്‍ അവര്‍ അടുപ്പുകളുണ്ടാക്കിക്കൊണ്ടിരുന്നു. ചിലപ്പോള്‍ മണ്‍പാത്രങ്ങള്‍..വേലിക്കല്‍ ചെന്നുനിന്ന് അതെങ്ങനെ നിര്‍മിക്കുന്നു എന്നു നോക്കി നില്ക്കലായിരുന്നു അവധി ദിവസങ്ങളിലെ പ്രധാന പരിപാടി. പിന്നെ പിന്നെ ഞങ്ങളും കളിമണ്ണു തേടിയിറങ്ങി. പ്രായം അനുകരണത്തിന്റേതായതുകൊണ്ടോ എന്തോ കുഞ്ഞു കുഞ്ഞ് ചട്ടിയും കലവും കാര്‍ത്തികവിളക്കും അടുപ്പുമെല്ലാം ഞങ്ങളുമുണ്ടാക്കി മുറ്റത്ത് ഉണങ്ങാന്‍ വെച്ചു. പക്ഷേ, ഉണങ്ങിക്കിട്ടും മുമ്പേ, അടുത്ത വീട്ടിലെ പയ്യന്‍ വന്ന് അതിനുമേലേ മൂത്രമൊഴിച്ചു. ഒരു ദിവസത്തെ അലച്ചിലിനും പണിക്കും അതിനേക്കാളേറെ ഞങ്ങളുടെ കൗതുകത്തിനും മേലേക്കായിരുന്നു ആ മൂത്രം വന്നു വീണത്. കുട്ടികളാവുമ്പോള്‍ അങ്ങനെയൊക്കെയുണ്ടായേക്കാം എന്ന് ന്യായം കണ്ടെത്തിയേക്കാം. കരച്ചിലിന്റെ വക്കില്‍ നിന്ന ഞങ്ങളെ അമ്മച്ചി സമാധാനിപ്പിച്ചതും അങ്ങനെയാണ്. സത്യത്തില്‍ അപ്പോള്‍ മാത്രമാണ് കുട്ടികളായ ഞങ്ങളുടെ ഈ പ്രവൃത്തി അമ്മച്ചി ഇഷ്ടപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതും.

ഏതായാലും ഞങ്ങളുടെ നിര്‍മാണപ്രവൃത്തികളില്‍ മുഴുവന്‍ അവന്‍ വില്ലനായി. കൊച്ചുപൂന്തോട്ടത്തിലെ പൂക്കള്‍ പറിച്ചു കളയുക, ചെടികള്‍ പിഴുതുകളയുക അങ്ങനെ അങ്ങനെ...സഹസ്രാബ്ദങ്ങളായി പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ, പരാജിതരായ പെണ്ണിന്റെ പ്രതിനിധികളായി ഞങ്ങള്‍. രണ്ടു പെണ്‍കുട്ടികളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെ തച്ചുടച്ച അവനെന്നും ജേതാവായി..ഏതായാലും കളിമണ്ണില്‍ കവിത എഴുതാന്‍ ശ്രമിച്ച ഇവളുടെ മോഹങ്ങള്‍ അതോടെ നിന്നു.

പിന്നെ തുടങ്ങിയത് പടം വരയ്ക്കാനായിരുന്നു. നോട്ടുബുക്കിന്റെ പിന്നിലെ താളുകള്‍ ചിത്രങ്ങള്‍കൊണ്ടു നിറഞ്ഞു. ചിലപ്പോള്‍
താളുകീറി വരച്ചുകൊണ്ടിരുന്നു. അതൊന്നും അമ്മച്ചിക്കത്ര ഇഷ്ടമായിരുന്നില്ല. നോട്ടുബുക്ക് വൃത്തിയായി സൂക്ഷിക്കണമെന്നും താളുകീറരുതെന്നുമൊക്കെയായിരുന്നു നിബന്ധന. ചിത്ര രചനയെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ലെന്നാണ് ഓര്‍മ.

പലപ്പോഴായി കിട്ടിയ ചില്ലറകള്‍ സൂക്ഷിച്ചുവെച്ചാണ് കളര്‍പെന്‍സില്‍ വാങ്ങിച്ചത്. നോട്ടുബുക്കിന്റെ പിന്നില്‍ ഒരുപെണ്‍കുട്ടിയെ വരച്ച് നിറം കൊടുത്തു. എന്തൊരു സന്തോഷമായിരുന്നു! അന്ന് മദ്രസയില്‍ പോകുന്നുണ്ട്. കൂട്ടുകാരെയൊക്കെ വലിയ സന്തോഷത്തോടെ ആദ്യമായി നിറംകൊടുത്ത ആ ചിത്രം കാണിച്ചു. 'ഭാഗ്യ'ത്തിന് ആ ചിത്രം കൂട്ടുകാരിലൊരാള്‍ മദ്രസാധ്യാപകനെ കാണിച്ചു. ക്ലാസിലെ ഒരാണ്‍കുട്ടി വരയക്കും. അവന്റെ ചിത്രങ്ങള്‍ കണ്ട് അദ്ദേഹം ഇനിയും വരയ്ക്കണമെന്നൊക്കെ പറയും. ചിത്രം നോക്കിനില്ക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷയോടെ അദ്ദേഹത്തെ ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍, ബുക്കിന്റെ അവസാനതാള്‍ വലിച്ചുകീറി ജനലിനു പുറത്തേക്ക് എറിയുകയാണ് ചെയ്തത്. മേലില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കരുതെന്ന ആജ്ഞയും.

ഞാന്‍ വരച്ചത് മനുഷ്യന്റെ ചിത്രമാണ്. പരലോകത്ത് വെച്ച് ദൈവം ആ മനുഷ്യന് ജീവന്‍ വെപ്പിക്കാന്‍ പറയുമത്രേ! അപ്പോള്‍ ജീവന്‍ വെപ്പിക്കാനാവുമോ? അത് ദൈവത്തിനുമാത്രമുള്ള അവകാശമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞ ന്യായം.

എന്നാല്‍, ആണ്‍ സഹപാഠിയോട് എന്തുകൊണ്ട് അദ്ദേഹമത് പറഞ്ഞില്ല. അവന്‍ സര്‍വ്വ മൃഗങ്ങളേയും പക്ഷികളേയും വരയ്ക്കുമായിരുന്നു. മരത്തേയും കാടിനേയും വരയ്ക്കുമായിരുന്നു. അവയ്ക്കും ജീവനുണ്ടെന്നാണ് ഇവളുടെ അറിവ്.
ഏതായാലും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ഇവള്‍ക്കല്പം യുക്തിബോധമുണ്ടാവുകയാണു ചെയതത്.

എഴുത്തിലേക്ക് കടന്നുവന്നപ്പോള്‍ കുട്ടിക്കാലത്തേ കിട്ടിത്തുടങ്ങിയ സൃഷ്ടിപരമായ എതിര്‍പ്പുകളും ഉപദേശങ്ങളും മനസ്സിനെ കല്ലാക്കിക്കൊണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ അങ്ങനെ നടിക്കാനെങ്കിലും മനസ്സിനെ പാകപ്പെടുത്തിയിരിക്കണം.


ഉപദേശങ്ങള്‍ ചിലപ്പോള്‍ ഭീഷണിയും പച്ചത്തെറികളുമായി മാറാറുണ്ട്...ചില നേരത്തെങ്കിലും അധീരയായി മാറാറുണ്ട്. അപ്പോഴാണ് എഴുതുകയേ വേണ്ട എന്നൊക്കെ തോന്നിപ്പോകുന്നത്.

ചില മാന്യ ദേഹങ്ങള്‍ ഭര്‍ത്താവിനും ഊമക്കത്തയയ്ക്കും. ഭാര്യ എഴുതി പ്രശസ്തയായാല്‍ അവള്‍ വേറെ വഴിക്കുപോകും..നിങ്ങള്‍ക്ക് ഭാര്യയും മകള്‍ക്ക് അമ്മയേയും വേണമെങ്കില്‍ എഴുത്തു നിര്‍ത്തി വീട്ടിലിരുത്തുക. ചിലര്‍ ഫോണില്‍ വിളിക്കാനും മടിക്കില്ല അവളുടെ ഫോണ്‍ ശ്രദ്ധിക്കുക, മെയില്‍, ഫെയ്‌സ്ബുക്ക് പാസ്വേര്‍ഡുകള്‍ വാങ്ങിവെയ്ക്കുക..ഇല്ലെങ്കില്‍ നിങ്ങള്‍ക്കവളെ നഷ്ടപ്പെട്ടേക്കാം.
ശരി, അവളുടെ പാസ്വേര്‍ഡുകള്‍ വാങ്ങി അവളെ വീട്ടിലടച്ചിട്ടു എന്നിരിക്കട്ടെ പക്ഷേ, അവളുടെ മനസ്സിന്റെ പാസ്വേര്‍ഡ് എനിക്കൊപ്പമല്ലെങ്കില്‍ പിന്നെന്തുകാര്യം എന്ന് അവന്‍ തിരിച്ചു ചോദിക്കുന്നു.

വളരെക്കുറച്ചുകാലത്തെ എഴുത്തിലൂടെ ഇങ്ങനെയൊക്കെ നേരിടേണ്ടി വരുമ്പോള്‍ വാക്കിന്റെ ലോകത്തേക്ക് കടന്നു വന്ന എല്ലാ എഴുത്തുകാരികളെയും ആദരവോടെ ഓര്‍ക്കുന്നു.

ഒരു നടി വിവാഹിതയാവുന്നു എന്ന വാര്‍ത്തയ്ക്കുള്ള ചെറുപ്പക്കാരന്റെ പ്രതികരണമിതായിരുന്നു.

'അങ്ങനെ ഒരു പൊതുമുതല്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു' അത് പൊതു ഇടത്തില്‍ പറയുന്നതും സ്വകാര്യഇടത്തില്‍ പറയുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഈ അന്തരം എന്താണെന്നാണ് നമുക്കു ചുറ്റുമുള്ള പലര്‍ക്കുമറിയാത്തതും. പെണ്ണ് ആരുടേയും സ്വകാര്യസ്വത്തല്ല. പൊതുമുതല്‍ തന്നെയാണ്. അത് നല്ല അര്‍ത്ഥത്തില്‍...പക്ഷേ, ആര്‍ക്കെങ്കിലും സ്വകാര്യമാണ് എന്നു തോന്നുന്നെങ്കില്‍ അത് വിഡ്ഢിത്തം മാത്രമാണ്. 'പൊതു' എന്നുള്ളതുകൊണ്ട് ആര്‍ക്കും എന്തും പറയാമെന്നോ തോന്നിയപോലെ പെരുമാറാമെന്നോ കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മറന്നേക്കുക.

പെണ്ണിനെ, അവളുടെ ശരീരത്തെപ്പറ്റി, അവളുടെ കഴിവുകളെപ്പറ്റി അശ്ലീലത്തില്‍ കുറിക്കുമ്പോള്‍, പറയുമ്പോള്‍ ഇക്കിളിപ്പെടാന്‍ കുറേപ്പേരുണ്ടാവാം. പക്ഷേ, എക്കാലവും അതുകേട്ടിരിക്കാന്‍, പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ, പരാജിതരായ പെണ്ണിന്റെ പ്രതിനിധികളാകാന്‍ ഇനിയെങ്കിലും ഞങ്ങള്‍ക്കാവില്ല.

No comments:

Post a Comment