Sunday, July 1, 2012

സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു. ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്.

പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്. എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്. ഇനി എത്ര നാള്‍? അറിയില്ല. പക്ഷെ ഒന്നറിയാം, നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും. അതൊരു വിശ്വാസമാണ്. ശക്തിയാണ്. അത് മാത്രമാണ് ശാശ്വതമായ സത്യവും.

ഞാന്‍ കാത്തിരിക്കുന്നു. നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും. ഇല്ലേ...?

കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്...

എന്നും എപ്പോഴും നിന്റേതു മാത്രം.


Sunday, June 3, 2012

Are You Playing The Game of Love?


Ever wonder if your Book of Love was missing the chapter on how to succeed at the Game of Love?

Love is a Journey

Love is a Journey


Nine Love Styles

Find Your Love Style



Be Open to Love Relationships

Be Open To Love Relationships



Friday, June 1, 2012

മാധവിക്കുട്ടി

എന്‍ .എസ്. മാധവന്‍
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമല സുരയ്യ ഓര്‍മയായിട്ട് മെയ് 31-ന് 3 വര്‍ഷം. എന്‍ . എസ് മാധവന്റെ ഓര്‍മ.

കുട്ടിക്കാലത്ത് സാഹിത്യകാരന്‍ ആകണമെന്ന് ആഗ്രഹിക്കുവാന്‍ എനിക്കു ധൈര്യം തന്നത് എഴുതുന്നവരുടെ കൂട്ടത്തില്‍ മാധവിക്കുട്ടി മാത്രമായിരുന്നു. എഴുത്തുകാര്‍ക്ക് പറഞ്ഞിട്ടുള്ള ലക്ഷണങ്ങള്‍ ഒന്നും എനിക്കില്ലായിരുന്നു.

എന്റെ കുട്ടിക്കാലത്തെ സങ്കടകരമായ ഒരോര്‍മ, ചുറ്റുവട്ടത്ത് താമസിച്ചിരുന്ന നോവലിസ്റ്റ് രാജലക്ഷ്മിയുടെ ആത്മഹത്യയായിരുന്നു. സ്ത്രീയായതിന്റെ പേരില്‍ അവര്‍ എഴുത്തിനു നല്കിയ കൂലിയായിരുന്നുവേത്ര ആ മരണം.

അങ്ങനെ ഒരു മലയാളിസാഹിത്യകാരന്റെ നിര്‍മിതിക്ക് ആവശ്യമുള്ള കോപ്പുകളൊന്നും-പുരുഷനാണെന്നൊഴിച്ചാല്‍-ഞങ്ങളില്‍ പലരുടെയും പക്കല്‍ ഉണ്ടായിരുന്നില്ല. 1950 കളിലെ എഴുത്തുകാരന് ഒന്നുകില്‍ ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ അക്കാദമിക് പ്രാവീണ്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അപരിചിതദേശങ്ങളില്‍ ചില്ലിക്കാശ് ഇല്ലാതെ അലഞ്ഞുനടന്ന് വേണ്ടത്ര 'ജീവിതാനുഭവങ്ങള്‍' നേടിയെടുത്തിരിക്കണം. പലപ്പോഴും ഈ യാത്രകള്‍ സാങ്കല്പികമായിരിക്കും എന്നതു വേറെ കാര്യം. ഇതുമല്ലെങ്കില്‍ കാലോചിതമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുക; അവ വിളിച്ചുകൂവി നടക്കുക. കുറച്ചുനാള്‍ കഴിഞ്ഞാല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശക്തമായ സാംസ്‌കാരികവിഭാഗങ്ങള്‍ നിങ്ങളെ സുഖദമായ ഭ്രമണപഥങ്ങളിലേക്ക് വിക്ഷേപിക്കും.

മാധവിക്കുട്ടിക്ക് ഈവക ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല. അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല എന്നു കേട്ടത് ഞങ്ങളെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. ഏതായാലും അവര്‍ ബിരുദധാരി ആയിരുന്നില്ല. അവര്‍ക്ക് വേണ്ടത്ര പദസ്വാധീനം ഉണ്ടായിരുന്നോ എന്നതും സംശയാസ്​പദമായിരുന്നു. എന്നിട്ടും മാധവിക്കുട്ടി അവരുടെ ബാല്യസ്മൃതികളുടെ സുഗന്ധാരാമത്തില്‍ നിന്ന്-പൂക്കളില്‍നിന്ന് തേനീച്ചകള്‍ മധു ശേഖരിക്കുന്നതുപോലെ-വാക്കുകള്‍ സഞ്ചയിച്ചു മലയാളത്തിലെ എക്കാലത്തും ഓര്‍ക്കുന്ന പല കഥകളും എഴുതി.

മലയാളകഥയില്‍ വസന്തം വന്ന കാലമായിരുന്നു അത്. എം.പി. നാരായണപിള്ള, വി.കെ.എന്‍., ഒ.വി. വിജയന്‍ തുടങ്ങിയ പ്രബലര്‍ തിങ്ങിനിറഞ്ഞിരുന്ന സ്ഥലത്താണ് മാധവിക്കുട്ടി വിരല്‍കുത്തുവാന്‍ ഇടം തേടിയത്. കൂസലില്ലാതെ മാധവിക്കുട്ടി അവരുടെ ഇടയില്‍ പിടിച്ചുനില്ക്കുക മാത്രമല്ല ചെയ്തത്; അവര്‍ അവിസ്മരണീയമായ പല കഥകളും എഴുതി. അങ്ങനെ നാലപ്പാട്ട് കുടുംബത്തില്‍ പിറന്നതുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുവാന്‍ മാധവിക്കുട്ടിക്ക് അവസരം കിട്ടിയത് എന്നു പറഞ്ഞുനടന്നിരുന്ന ഏറ്റവും കടുത്ത ദോഷൈകദൃക്കിന്റെവരെ വായടയുന്നതും ഞങ്ങള്‍ കണ്ടു.

മാധവിക്കുട്ടി ഉയര്‍ത്തിയ വെല്ലുവിളി ഇതായിരുന്നു. എഴുത്തുകാരന്‍ ആകുവാന്‍ അടിസ്ഥാനയോഗ്യതകള്‍ ഒന്നും മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല. നിങ്ങളില്‍ എഴുത്ത് ഉണ്ടെങ്കില്‍, അതുമായി മുന്നോട്ടു പോകുവാനുള്ള ചങ്കൂറ്റമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എഴുത്തുകാരനാകാം.


'ഉള്ളില്‍ത്തട്ടി സത്യം പറയുവാനുള്ള ശേഷി എന്റെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ആ വീട്ടിലെ അന്തേവാസികള്‍ വായ് മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെയായിരുന്നു. അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവര്‍ കഴിച്ചുകൂട്ടി,' മാധവിക്കുട്ടി ഓര്‍മക്കുറിപ്പുകളില്‍ എഴുതി. അവര്‍ മുക്തി കണ്ടെത്തുവാന്‍ തിരഞ്ഞെടുത്ത മാര്‍ഗം ഒരുപക്ഷേ, എന്റെ കഥ എന്ന അവരുടെ ആത്മകഥ ആയിരിക്കണം. അതിലൂടെ വിരസവും അതിസാധാരണവും ആയ പരിസരങ്ങളുമായി ബന്ധിപ്പിച്ചുനിര്‍ത്തിയ എല്ലാ പാശങ്ങളും അത്യന്തം വേദന സഹിച്ച് അവര്‍ മുറിച്ചുകളഞ്ഞു.

മാധവിക്കുട്ടി എഴുതിത്തുടങ്ങിയ കാലത്ത് അവരുടെ സമകാലികര്‍ പുരുഷന്മാര്‍ ആയിരുന്നുവെന്നതുപോട്ടെ, അവരുടെ എഴുത്തില്‍നിന്നു കേട്ട സ്വരം മുഴങ്ങുന്ന ആണൊച്ച ആയിരുന്നു. അതിനിടയിലൂടെയാണ് വായനക്കാര്‍ ആദ്യമായി വേറിട്ടൊരു ശബ്ദം കേള്‍ക്കുന്നത്. അല്ല, അത് പെണ്ണിന്റെ ശബ്ദം ആയിരുന്നില്ല. അത് ഉഭയലിംഗങ്ങളുടെ ശബ്ദമായിരുന്നു. ആഖ്യാതാവ് സ്ത്രീപുരുഷ ശബ്ദങ്ങളില്‍ സംസാരിക്കുന്നതു വായനക്കാര്‍ ആദ്യമായി കേള്‍ക്കാന്‍ തുടങ്ങി.

സമകാലികരായ പുരുഷന്മാരായ എഴുത്തുകാരില്‍നിന്നു വ്യത്യസ്തയായി മാധവിക്കുട്ടിക്ക് ലോകത്തിനെ എതിര്‍ലിംഗത്തിലുള്ള, അതായത് അവരുടെ കാര്യത്തില്‍ പുരുഷന്മാര്‍, കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ കാണുന്നതില്‍ പ്രയാസമുണ്ടായിരുന്നില്ല. ഒരര്‍ഥത്തില്‍ ഞാനടക്കമുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന എഴുത്തുകാരുടെ ഒരു തലമുറയ്ക്ക് സ്വലിംഗത്തിന്റെ അല്ലാത്ത ശബ്ദത്തില്‍ കഥ പറയുവാന്‍ പ്രചോദനം നല്കിയതു മാധവിക്കുട്ടിയായിരുന്നു.

സ്ത്രീപക്ഷ എഴുത്തുകാരിയായി മാധവിക്കുട്ടിയെ വിശേഷിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയം വെറും ലിംഗപരമായ കളത്തില്‍ തളച്ചിടുകയായിരിക്കും. മാധവിക്കുട്ടിയുടെ സ്ത്രീത്വം വന്ന വഴികളില്‍ ശരീരത്തെക്കുറിച്ചുള്ള തീവ്രമായ ബോധമുണ്ടായിരുന്നു. സ്ത്രീവാദം അതില്‍നിന്നു വേര്‍പെടുത്താന്‍ പറ്റാത്ത അംശമായിരുന്നു. എല്ലാ വലിയ എഴുത്തുകാരെയുംപോലെ മാധവിക്കുട്ടി സ്വന്തം രാഷ്ട്രീയം സംവദിക്കുവാന്‍ ഉതകുന്ന ഒരു ആവിഷ്‌കാരരീതികണ്ടെത്തി. ശകലിതവും പ്രകോപിപ്പിക്കുന്നതും കൗശലം നിറഞ്ഞതുമായ ആവിഷ്‌കാരം. കീഴാളരും മേലാളരും വ്യക്തികളും തമ്മിലുള്ള പരസ്​പരബന്ധങ്ങളെപ്പറ്റി മുറുക്കം തോന്നിപ്പിക്കുന്ന കവിതകളും ഓര്‍മക്കുറിപ്പുകളും കഥകളും അവര്‍ എഴുതി. ചുമരുകള്‍ക്കുള്ളിലെ രാഷ്ട്രീയമായിരുന്നു അവരുടെ സാഹിത്യത്തിലെ പ്രമേയം.

സ്ത്രീവിദ്വേഷം തുളുമ്പുന്ന നമ്മുടെ സമൂഹത്തില്‍ സത്യസന്ധയായ എഴുത്തുകാരിയായി ജീവിച്ചത് എളുപ്പമാകുവാന്‍ ഇടയില്ല. ഏതാണ്ട് ഒടുക്കംവരെ മാധവിക്കുട്ടി അതില്‍നിന്ന് ഒളിച്ചോടിയില്ല. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുവാനുള്ള അപാരകൗശലമുണ്ടായിരുന്ന അവര്‍ എതിരാളികളുടെ വിദ്വേഷത്തെ നേരിട്ടത് എഴുത്തുകൊണ്ടും സഹജവഴിയില്‍ നടന്നുമാണ്. ഇസ്‌ലാമിലേക്കുള്ള അവരുടെ സഞ്ചാരവും ഈ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ എന്ന് എനിക്കു കൃത്യമായി പറയുവാന്‍ പറ്റുന്നില്ല.

അവസാനമായി ഞാന്‍ മാധവിക്കുട്ടിയെ കണ്ടത് അവരുടെ എറണാകുളം ഫ്ലറ്റില്‍ വെച്ചാണ്. അത്താഴമേശയില്‍ ഞാന്‍ ചോദിച്ചു: 'പ്രിയപ്പെട്ട നായിക സുരയ്യയാണോ?'
'അല്ല വഹീദാ റഹ്മാനാണ്.'
തുടര്‍ന്ന് ആവേശത്തോടെ ഗുരുദത്തിനെയും വഹീദാ റഹ്മാനെയും
മാധവിക്കുട്ടി അനുകരിക്കുവാന്‍ തുടങ്ങി. ആ ജോടി അഭിനയിച്ച ചൗദ്‌വിന്‍ കാ ചാന്ദ് എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ രണ്ടു വരികളും അവര്‍ മൂളി.

മടങ്ങുന്ന നേരത്ത് വിരുന്നുമുറിയിലെ മച്ചില്‍ അലങ്കാരത്തിനായി ഒട്ടിച്ചുവെച്ചിരുന്ന ഒരു 'വെള്ളിനക്ഷത്രം' തന്നത്താനെ അടര്‍ന്നുവീണു. മാധവിക്കുട്ടി അതെടുത്ത് എന്റെ മകള്‍ക്കു കൊടുത്തുകൊണ്ട് ഒരു പടിഞ്ഞാറന്‍ വിശ്വാസം ഓര്‍മിപ്പിച്ചു, 'നക്ഷത്രം വീഴുന്നതു കാണുമ്പോള്‍ എന്തെങ്കിലും ആഗ്രഹിച്ചാല്‍ അതു നടക്കും.'
കമലേ, വിട.

(പുറം മറുപുറം എന്ന പുസ്തകത്തില്‍ നിന്ന്)

പെണ്‍ശരീരം: ചില പ്രതികരണങ്ങള്‍


പെണ്‍ശരീരം: ചില പ്രതികരണങ്ങള്‍ 



കുറച്ചുദിവസം മുമ്പാണ് പരിചയമുള്ളൊരാള്‍ ഒരു യൂട്യബ് ലിങ്ക് അയച്ചുതന്നത്. സ്ത്രീയുടെ ശരീരത്തെക്കുറിച്ചും ആ ശരീരം പുരുഷനെ എങ്ങനെയെല്ലാം കാമാന്ധനാക്കുന്നു എന്നും കാണിച്ച് എന്നെ ബോധവത്ക്കരിക്കുകയായിരുന്നിരിക്കണം ലക്ഷ്യം.

ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ പുരുഷനില്‍ വളരെ കൂടുതലാണെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും പുരുഷന് സത്രീയെ കാണുമ്പോള്‍ തന്നെ ആസക്തിയുണ്ടാവുന്നുവെന്നും അതുകൊണ്ട് സത്രീകള്‍ അടങ്ങിയൊതുങ്ങിയിരിക്കണമെന്നും ശരീരപൂര്‍ണ്ണമായി മറച്ചുകൊണ്ടുമാത്രം പുറത്തിറങ്ങണമെന്നും ആ യൂട്യൂബ് ലിങ്കിലെ പ്രസംഗത്തില്‍ പറയുന്നു.

പെണ്ണുങ്ങളെ ഞങ്ങള്‍ക്ക് കുറച്ചു ഹോര്‍മോണുകള്‍ കൂടുതലാണ്...നിങ്ങള്‍ സൂക്ഷിച്ചോ ഇല്ലെങ്കില്‍ ആക്രമിച്ചു കളയും എന്നല്ലേ അതിന്റെ ധ്വനി എന്നോര്‍ത്തുപോയി. സ്ത്രീകള്‍ക്കു നേരെയുള്ള ലൈഗിംക ആക്രമണത്തിന് ശാസ്ത്രത്തെ വരെ കൂട്ടുപിടിച്ചുകൊണ്ട് പുരുഷഭാഗം ന്യായീകരിക്കുകയാണ്. അപ്പോള്‍ കുറ്റക്കാരി സ്ത്രീ തന്നെ.

അതുകൊണ്ട് സ്ത്രീ പുറത്തിറങ്ങരുത്. വെളിച്ചം കാണരുത്. സഞ്ചരിക്കരുത്. അടുക്കളയില്‍ നിന്ന് കിടപ്പുമുറിയിലേക്കുള്ളതാവണം അവളുടെ ദൂരം.

ആത്മാഭിമാനമുള്ള സ്ത്രീകള്‍ക്കിത് അനുവദിച്ചുകൊടുക്കാനാവുമോ?

ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളില്‍ ഏതെങ്കിലും പെണ്‍ജീവി ഇണയേയോ, ഏതിര്‍ലിംഗജീവിയെയോ ഭയന്ന് പുറത്തിറങ്ങാതിരിക്കുന്നുണ്ടോ എന്നറിയില്ല. ഇല്ലെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അപ്പോള്‍ മനുഷ്യജാതിയില്‍ മാത്രമെന്താണ് പ്രത്യേകത ?

ഈ ലോകം പുരുഷന്റെ, ഈ ആകാശം, ഈ നദികള്‍, കടല്‍, വഴികള്‍, കാഴ്ചകള്‍ എല്ലാമെല്ലാം പുരുഷന്റെ....
ഭൂമിയില്‍ സ്വന്തമായിട്ട്, സ്വതന്ത്രമായിട്ട് ഇറങ്ങി നടക്കാന്‍ സ്ത്രീക്ക് ഒരവാകാശവുമില്ലെന്നു പറഞ്ഞാല്‍ എങ്ങനെ സമ്മതിച്ചു കൊടുക്കാനാവും ?

ഇവരുടെ ആക്രമണം ഭയന്ന് എന്നും ഒളിച്ചു ജീവിക്കാനാകുമോ?

അടുത്തകാലത്ത്് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട് രണ്ടു സ്ത്രീകള്‍ കൂടുന്ന എവിടെയും ചര്‍ച്ച പെണ്‍കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തും എന്നാണ്. അതുകേള്‍ക്കുമ്പോള്‍, ആ ചര്‍ച്ചകളില്‍ അറിയാതെയെങ്കിലും പങ്കാളിയാവുമ്പോള്‍ എന്തെന്നില്ലാത്ത അസ്വസ്ഥത ഈയുള്ളവള്‍ക്കുണ്ടാകാറുണ്ട്.

എനിക്കും ഒരു മകളുള്ളതുകൊണ്ടോ ഞങ്ങള്‍ മൂന്നുപെണ്‍കുട്ടികള്‍ പലപ്പോഴും ഒറ്റയ്ക്കായി വളര്‍ന്നതുകൊണ്ടോ അല്ല. എന്നാല്‍ അതൊക്കെ അസ്വസ്ഥതയ്ക്കു പിന്നിലുണ്ടുതാനും.

മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ അവധി ദിവസങ്ങളില്‍, ഞങ്ങളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ടായിരുന്നു അമ്മ ജോലിക്കു പോയിരുന്നത്. റോഡിലേക്കിറങ്ങരുത്, വഴക്കുകൂടരുത് എന്നൊക്കെ പറയുന്നതല്ലാതെ പെണ്‍ശരീരം ഭാരമാണെന്നോ ആരെങ്കിലും ഉപദ്രവിച്ചുകളയും എന്നോ പറഞ്ഞിട്ടില്ലായിരുന്നു. അമ്മ ജോലിക്കു പോയില്ലായിരുന്നുവെങ്കില്‍ ഞങ്ങളെ പഠിപ്പിക്കുവാനോ ആഹാരം തരുവാനോ കഴിമായിരുന്നുമില്ല. അതുകൊണ്ടുതന്നെ യാതൊരു വേവലാതിയുമില്ലാതെ ഞങ്ങള്‍ കളിച്ചു നടന്നു. ചിലപ്പോള്‍ അനിയത്തിമാര്‍പോലുമില്ലാതെ ഒററയ്ക്കിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴോ പിന്നീട് മുതിര്‍ന്നപ്പോഴോ 'നീ പെണ്ണാണ് പെണ്ണാണ്' എന്ന് ആരും പറഞ്ഞില്ല.

അതുകൊണ്ടൊക്കെയാവണം പെണ്‍ശരീരം അത്ര നിഗൂഢമാണെന്നൊന്നും തോന്നിയിട്ടില്ല. ആണ്‍ശരീരവും.

ഒരുപക്ഷേ, കുട്ടിക്കാലത്ത്് പ്രകൃതിയോട് വല്ലാതെ അടുത്തു നില്ക്കുകയും എന്തിനേയും പ്രകൃതിയോട് ചേര്‍ത്ത് കണ്ടതുകൊണ്ടുമാവണം. മനുഷ്യന്‍ പറയുമ്പോള്‍ മാത്രമേ ശരീരത്തിന് നിഗൂഢതകളുള്ളു. അല്ലാതെ സര്‍വ്വജീവജാലങ്ങള്‍ക്കും ശരീരം ഭാരമേയല്ലല്ലോ എന്നു വിചാരിച്ചിരുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭാരമുണ്ടാകുന്നത് ശരീരത്തിനല്ല, മനസ്സിനാണ്.

'പണ്ടത്തെക്കാലമല്ല.. എങ്ങനെ പെണ്‍കുട്ടികളെ ഒറ്റയ്ക്കാക്കി പോകും? ഏറ്റവും അടുത്ത അച്ഛനെപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലം' എന്നൊക്കെ കേട്ടുകൊണ്ടേയിരിക്കുന്നു. പത്രങ്ങളില്‍ വായിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെക്കാലത്തിനുമാത്രമാണ് കുറ്റം. മുകളില്‍ യൂട്യൂബില്‍ പ്രസംഗിച്ച ആളു പറഞ്ഞപ്രകാരം ടെസ്‌റ്റോസ്റ്റിറോണ്‍ ഇപ്പോഴുണ്ടായ ഹോര്‍മോണാണോ?

ചെറുപ്പത്തില്‍ ഏതെങ്കിലും അടുത്ത ബന്ധുവില്‍ നിന്നു തന്നെ ലൈംഗികപീഡനം ഉണ്ടായിട്ടുണ്ടെന്ന് പല പെണ്‍സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. ചിലര്‍ രക്ഷപെട്ടു. ചിലര്‍ വിധേയരായി. പക്ഷേ, പിന്നീടാരോടും പറഞ്ഞില്ല. കേസുകൊടുത്തില്ല. പത്രത്തില്‍ വാര്‍ത്തയായില്ല. അത്രമാത്രം.

ഗാര്‍ഹിക പീഡനം, ബന്ധുക്കളില്‍ നിന്നുള്ള ലൈംഗികപീഡനം ഇവയെ വെച്ചുനോക്കുമ്പോള്‍ പുറത്തുനിന്നുള്ള പീഡനങ്ങള്‍ കുറവാണെന്നു കാണാം. പക്ഷേ, ഇന്ന് ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുകയും അതുവഴി ജനങ്ങളെ കൂടുതല്‍ ആധിപിടിപ്പിക്കുന്നില്ലേയെന്നും സംശയം.

അടുത്തകാലത്തായി, പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനും സംസാരിക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട് . അതു സാമൂഹ്യമാറ്റമായി തന്നെ കാണണം. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ ആധിപിടിക്കുന്ന വീട്ടുകാര്‍ അവരെ എത്രത്തോളം പുറത്തിറക്കും? സ്ത്രീകള്‍ പലപ്പോഴായി നേടിയെടുത്ത ചെറിയ സ്വതന്ത്ര്യത്തിന്റെ വാതിലുകള്‍ അടഞ്ഞുപോവുകയല്ലേയുള്ളു. ആ രീതിയിലാണ് വീട്ടുകാരുടെ, പുറത്തെ സമൂഹത്തിന്റെ ചിന്താരീതികള്‍ മാറികൊണ്ടിരിക്കുന്നത്.

പുരുഷനെ പേടിച്ച്, മാനം രക്ഷിക്കുക എന്ന പേരിലാണ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മചെയ്യുന്നുത്.
അത്രക്കങ്ങ് പുരുഷനെ ഭയക്കണോ?

ആക്രമിക്കും ആക്രമിക്കും എന്ന വിചാരത്തോടെയല്ലാതെ നമ്മുടെ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങിയേ മതിയാവൂ. എപ്പോഴും കൂട്ടുവരാന്‍ ആരെങ്കിലുമുണ്ടായികൊള്ളണമെന്നില്ല. ഇതേ കോളത്തില്‍ സ്ത്രീകളുടെ സഞ്ചാരങ്ങളെക്കുറിച്ചെഴുതിയപ്പോള്‍ തനിച്ചുപൊയക്കോ! പക്ഷേ, പോകുമ്പോള്‍ ഒരു തോക്കും കൂടെ വേണം. ഇല്ലെങ്കില്‍ തിരിച്ചു വരുമ്പോള്‍ മാനം കാണില്ല എന്നൊരാള്‍ കമന്റെഴുതി.
പുരുഷന് തലയ്ക്കുമുകളില്‍ കാണുന്നതാണ് മാനമെങ്കില്‍ സ്ത്രീക്കും അതുതന്നെയാണെന്നാണ് വിശ്വാസം. നഷ്ടപ്പെടുത്തുന്നവന് ഇല്ലാത്ത മാനം സ്ത്രീക്കു മാത്രമായിട്ടെന്തിനാണ്?

പെണ്‍കുട്ടികളെ കരാട്ടെ പടിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നിങ്ങളുടെ തരളശരീരം കാത്തുകൊള്ളേണ്ടത് വീട്ടിനുള്ളില്‍ അടച്ചിട്ട മുറിയിലാണെന്ന് പറഞ്ഞ് അവളെ കൂടുതല്‍ കൂടുതല്‍ അസ്വതന്ത്രയാക്കേണ്ട. തരള ശരീരികളും തരള ചിത്തരുമാവേണ്ടവരല്ല അവര്‍. ശരീരത്തെക്കുറിച്ച് എന്തിനാണ് ഇത്ര വേവലാതി?

ബലാത്സംഗം ചെയ്യപ്പെട്ടാല്‍ എന്തുചെയ്യും? ഒരു പെണ്‍കുട്ടി അമ്മയോടു ചോദിച്ചതാണിത്.



എവിടെയെങ്കിലും വീണ് മുറിവുപറ്റിയാല്‍ എന്താണ് ചെയ്യുന്നത് അത്രയേയുള്ളു ഇതിലും എന്ന് ആ അമ്മ മറുപടി പറഞ്ഞു. അങ്ങനെ എത്രപേര്‍ക്കു പറയാനാവും?

ഇതിനോട് സാമ്യമായൊരുകാര്യം വിനയേച്ചി ഒരിക്കല്‍ പറയുകയുണ്ടായി (എന്‍ എ വിനയ, ഹെഡ് കോണ്‍സ്റ്റബ്ള്‍, തൃശൂര്‍) പിന്നീട് അവരത് ബ്ലോഗിലിടുകയും ചെയ്തു.

എന്റെ മകള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. ....

'അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില് ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട് കുത്തി കൊന്നൂത്രെ. ഒരീസം സന്ധ്യക്ക് ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച് കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട് അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും.' 'അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്?

ഉത്തരം : മോളേ ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ജീവന്‍ തന്നെയാണ്. അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ് അനുസരിക്കണം എന്നിട്ട് വീട്ടില്‍ വന്ന അമ്മയോട് പറയണം. ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല. പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.

'അല്ലമ്മേ അങ്ങനൊക്കായാല് പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?'ഉത്തരം : ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും. അത് കഴിച്ചാല്‍ അതൊക്കെയങ്ങ് പോകും. ടെറ്റോളിട്ട് അമ്മ നന്നായി മോളെയങ്ങ് കുളിപ്പിക്കും. ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ..

അങ്ങനെ എത്രപേര്‍ക്കു പറയാനാവും ?

ഒരു വനിതാദിനത്തില്‍ ചര്‍ച്ച നടക്കുകയാണ്...സത്രീകളും പുരുഷന്മാരുമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ചര്‍ച്ച. സ്വാഭാവികമായും സ്ത്രീപീഡനങ്ങളെക്കുറിച്ചും അത് സ്ത്രീയെ മാനസീകമായി മുറവേല്പ്പിക്കുന്നതിലും എത്തി.

അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പയ്യന്‍ എഴുന്നേറ്റു നിന്നു. അവന് ചെറുപ്പത്തില്‍ മുതിര്‍ന്ന പുരുഷനില്‍ നിന്ന് പീഡനമേല്‌ക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ചാരിത്ര്യം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് വിഷമിച്ചിട്ടില്ലെന്ന് അവന്‍ പറഞ്ഞു.

രാത്രി ഒരു നേരം കഴിഞ്ഞാല്‍ 'കുണ്ട'ന്മാരുടെ ശല്യം കൊണ്ട് ഒറ്റയ്ക്ക് നടക്കാന്‍ പ്രയാസമാണെന്നു പറഞ്ഞ ആണ്‍ സുഹൃത്തിനെ ഓര്‍ക്കുന്നു.

സ്ത്രീകള്‍ക്കുനേരെ മാത്രമാണ് ലൈംഗികപീഡനങ്ങളുണ്ടാവുന്നത് എന്ന് കരുതേണ്ടെന്നും ശബ്ദിക്കില്ല എന്നു തോന്നുന്നവരോട്, ബലഹീനരെന്ന് തോന്നുന്ന ഏതു വര്‍ഗ്ഗത്തോടും പീഡനത്വരയുണ്ടാവുന്നു എന്നും പറയേണ്ടിയിരിക്കുന്നു.

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ബലഹീനരാവാതിരിക്കുക എന്നതു മാത്രമാണ് രക്ഷ. അതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും അറിയണം.

സ്ത്രീയുടെ സൗന്ദര്യമാണോ അവള്‍ ശക്തികുറഞ്ഞവളെന്ന തോന്നലോ പീഡനത്തിനു പിന്നില്‍?

കാഴ്ചയ്ക്ക് അത്രയൊന്നും സൗന്ദര്യം തോന്നിക്കാത്ത, ഇരുണ്ട നിറവും പതിഞ്ഞമൂക്കുമുള്ള എത്രയോ ആദിവാസി സ്ത്രീകള്‍ നിരന്തരം പീഡനത്തിനിരയാകുന്നു. നാട്ടില്‍ അവസരങ്ങളില്ലാഞ്ഞിട്ടല്ല എന്നാല്‍ അശക്തരെ ഏതുമാര്‍ഗ്ഗത്തിലൂടെയും വിധേയരാക്കാം എന്ന തോന്നലല്ലേ ഇതിനു പിന്നില്‍?

സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കു നേരെ പ്രതികരിക്കാന്‍ അവളെ പ്രാപ്തയാക്കിയില്ലെങ്കില്‍ പെണ്‍ഭ്രൂണഹത്യ സാധാരണമാവുകയും പെണ്‍കുഞ്ഞ് പണ്ടത്തെപ്പോലെ സമൂഹത്തിന് ഭാരമാവുകയുമാവും ഫലം.

അപ്പോള്‍, പീഡനവാര്‍ത്തകള്‍ കാണുമ്പോള്‍ പണ്ടത്തെകാലമല്ല എന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയല്ല മറിച്ച്, അവരെ ധൈര്യവതിയാക്കുകയും ശക്തരാക്കുകയുമാണ് വേണ്ടത്.

ഇനി ആണ്‍പക്ഷത്തേക്കൊന്ന് നോക്കാം. യൂട്യൂബ് ലിങ്ക് അയച്ചുതന്നത് എനിക്കാണല്ലോ..അതായത് ഒരു പെണ്ണിന്...ഒരു പെണ്ണെങ്ങനെ നടക്കണമെന്ന്.. എങ്ങനെ നടക്കരുതെന്ന്...

എല്ലാ പുരുഷന്മാരും ഒരേ വിചാരത്തോടെ നടക്കുന്നവരാണെന്ന് ഇവള്‍ വിചാരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഇവിടെ ദിവസവും കൂട്ടബലാത്സംഗങ്ങള്‍ തന്നെ ഉണ്ടായേനേ..അപ്പോള്‍ ആണിന്റെ പേര് ഇത്തരത്തില്‍ ചീത്തയാക്കാന്‍ കുറച്ചുപേരുണ്ട്..അതു തീര്‍ച്ച. (അത് ചീത്തയാക്കലാണോ എന്നു ചോദിച്ചാല്‍ ആരെങ്കിലും സമ്മതിച്ചു തരുമോ എന്നത് സംശയമാണ്) അന്നേരം അവരെ നന്നാക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരെ ഉപദേശിക്കാന്‍ വരുന്നത് ശരിയോ? ഒരിടത്തും അങ്ങനെയൊരു ശ്രമവും നടക്കുന്നതായി അറിവില്ല. പുരുഷന്‍ എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, എപ്പോഴൊക്കെ എവിടെയൊക്കെ സഞ്ചരിക്കാം എന്നൊന്നും ക്ലാസ്സെടുക്കുന്നതോ പ്രസംഗിക്കുന്നതോ ശ്രദ്ധയില്‍പെട്ടിട്ടില്ല.

ഇനി ഇങ്ങനെയെങ്ങാന്‍ കുറേ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വെച്ചുകൊണ്ട് പെണ്ണുങ്ങള്‍ പ്രസംഗിക്കുകയും അത് യൂട്യൂബിലിടുകയും ചെയ്‌തെന്നിരിക്കട്ടെ..എങ്ങനെയാവും പ്രതികരണം? അതേ പ്രതികരണമാണ് ഞങ്ങള്‍ക്കുമെന്ന് അറിയുക.

ചരിത്രം മറന്നുപോയവര്‍


ചരിത്രം മറന്നുപോയവര്‍ 


കുറച്ചുനാള്‍ മുമ്പാണ് അവിചാരിതമായി സ്വദേശാഭിമാനിയുടെ കോഴിക്കോട്ടെ വീട്ടില്‍ പോകാന്‍ സാധിച്ചത്. എഴുപത്തിയൊന്നു കൊല്ലമായി സ്വദേശാഭിമാനിയുടെ കുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു എന്ന അറിവ് എന്നെ അമ്പരിപ്പിച്ചിരുന്നു.

ഭയകൗടില്ല്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ എന്ന് ചുവന്ന അക്ഷരങ്ങളില്‍ എഴുതിവെച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചിത്രമായിരുന്നു സ്വാഗതം ചെയ്തത്.

നിര്‍ഭയനായ പത്രപ്രവര്‍ത്തകന്‍, തിരുവിതാംകൂര്‍ ഭരണകൂടത്തിന് ഹിതകരമല്ലാത്ത ലേഖനങ്ങള്‍ എഴുതി എന്ന കാരണത്താല്‍ രാമകൃഷ്ണപിളളയെ നാടുകടത്തി, അച്ചുകൂടവും മറ്റും സര്‍ക്കാര്‍ കണ്ടുകെട്ടി, തുടങ്ങിയ ഒറ്റവരിയില്‍ പൂരിപ്പിക്കാവുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ജേണലിസം ക്ലാസ്സില്‍ വരെ പഠിച്ചത്. പലപ്പോഴും നമ്മള്‍ ആവശ്യമായ ചരിത്രത്തെ മറക്കുകയും അനാവശ്യമായ പലതിനേയും ഓര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

നാടുകടത്തലിനുശേഷം തന്നെ കാണാഞ്ഞ് മനംനൊന്ത് രോഗിണിയായ അമ്മയെ കാണാന്‍ പോലും അദ്ദേഹം തിരുവിതാംകൂറിലേക്ക് പോയിരുന്നില്ലെന്ന് ചരിത്രം.


തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ട ഗതികേടുണ്ടാവരുതെന്നുമാത്രമായിരുന്നു തന്റെ കുട്ടികളോടദ്ദേഹം പറഞ്ഞിരുന്നതെന്നും കൊച്ചുമക്കള്‍ വരെ അത് അനുസരിച്ചുവെന്നും അദ്ദേഹത്തിന്റെ പൗത്രന്‍ രാമകൃഷ്ണന്‍ ചാലപ്പുറത്തെ വീട്ടിലിരുന്ന് ഓര്‍ക്കുന്നു.

ഈ വീടുമായി രാമകൃഷ്ണപിള്ളയ്ക്ക് ബന്ധമൊന്നുമില്ല. അദ്ദേഹം മരിച്ച് ഏകദേശം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഭാര്യ ബി കല്ല്യാണിയമ്മയും മക്കളും ഇവിടെ താമസം തുടങ്ങിയത്. കല്ല്യാണിയമ്മയെ അദ്ദേഹത്തിന്റെ ഭാര്യ എന്ന പദവിയില്‍ ഒതുക്കി നിര്‍ത്താനാവില്ല. ഭര്‍ത്താവിന്റെ മരണശേഷം അവരുടെ സുഖദുഖ സമ്മിശ്രമായിരുന്ന ജീവിതയാത്രയെ ഓര്‍ത്തുകൊണ്ട് 'വ്യാഴവട്ടസ്മരണകള്‍' എഴുതി. ഈ പുസ്തകം വായിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ കണ്ണീര്‍കഥയായി തോന്നിയില്ല. രാമകൃഷ്ണപിള്ളയക്കൊപ്പം തന്നെ അതുല്യമായ വ്യക്തിപ്രഭാവം ഇവര്‍ക്കുണ്ടായിരുന്നെന്ന് തെളിയിക്കുന്നു ഓരോ വാക്കുകളും.
വിവാഹശേഷവും ഇരുവരും പഠിക്കാന്‍ ഉത്സാഹിച്ചിരുന്നു. പരസ്​പരം പ്രോത്സാഹിപ്പിച്ചിരുന്നു നൂറു കൊല്ലങ്ങള്‍ക്കപ്പുറമാണെന്നോര്‍ക്കണം. പലപ്പോഴും പ്രതികൂല സാഹചര്യങ്ങളാല്‍ തോറ്റുപോയിട്ടുണ്ട്. അതിനേക്കാളേറെ ജയങ്ങളും. അറിവുനേടാന്‍ ഇരുവരും ശ്രമിച്ചിരുന്നു. വായനയില്‍ നിന്ന് നേടിയെടുത്ത അറിവ് വിവിധ പത്രങ്ങളിലെ ലേഖനങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ധാരാളം പുസ്തകങ്ങള്‍ രചിച്ചു. മഹാത്മഗാന്ധിയെയും കാറല്‍ മാക്‌സിനെയും ബെഞ്ചമിന്‍ ഫ്രാങ്കളിനെയും ഇന്ത്യ കണ്ടെത്തും മുമ്പെ രാമകൃഷ്ണപിള്ള മലയാളത്തിലെത്തിച്ചിരുന്നു.

1910 ല്‍ നാടുകടത്തിയതിനുശേഷമുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ക്ഷയരോഗത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു അദ്ദേഹം. അക്കാലത്ത് പലപ്പോഴും പണത്തിന് ഞെരുക്കം നേരിട്ടപ്പോള്‍ കല്ല്യാണിയമ്മ ട്യൂഷനെടുത്തും മറ്റും ചിലവുകള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. ശാരീരാകസ്വസ്ഥ്യം കൂടിയിരുന്ന കാലങ്ങളില്‍ പുസ്തകരചനയും സാഹിത്യപരിശ്രമങ്ങളും നിര്‍ത്തിവെച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഡോക്ടര്‍മാര്‍ക്ക് എന്റെ ദേഹസ്ഥിതി പക്ഷേ നിശ്ചയമുണ്ടാവാം, എന്റെ മനസ്സിന്റെ സ്ഥിതി അറികയില്ല. മനസ്സ് അരോഗമായിക്കുന്നിടത്തോളം അതു പണിയെടുത്തുകൊളളട്ടെ. എന്തെങ്കിലും എപ്പോഴും വായിക്കുകയോ , എഴുതുകയോ ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ ചിന്താക്ലേശം തടുക്കാന്‍ സാധിക്കുന്നതല്ല. തന്നിമിത്തം ശരീരത്തിനു കൂടുതല്‍ ക്ഷീണമുണ്ടാകാനാണെളുപ്പം|' (വ്യാഴവട്ടസ്മരണകള്‍)


ജലദോഷപ്പനി വരുമ്പോഴേക്കും വയ്യ വയ്യ എന്ന തോന്നലും അതിനേക്കാളേറെ അക്ഷരത്തോടുള്ള വിരക്തിയുമുണ്ടാവുന്നവള്‍ക്ക് വ്യാഴവട്ട സ്മരണകള്‍ നല്കുന്ന ഊര്‍ജ്ജം ചില്ലറയല്ല.

ശരീരം അപായകരമായ നിലയിലെത്തിയിരിക്കുമ്പോഴാണ് പത്രങ്ങള്‍ക്കും മാസികകള്‍ക്കും ലേഖനങ്ങളെഴുതിയതു കൂടാതെ രാമകൃഷ്ണപിളള 'മന്നന്റെ കന്നത്തം', 'നരകത്തില്‍ നിന്ന്' എന്നീ പുസ്തകങ്ങള്‍ എഴുതുന്നത്. ഒപ്പം പലവട്ടം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും.

ഇക്കാലയളവില്‍ കല്ല്യാണിയമ്മ മൂന്നുകുഞ്ഞുങ്ങളുടെ അമ്മയാവുകയും ഒപ്പം ലേഖനങ്ങളും കഥകളുമെഴുതി പ്രസിദ്ധീകരിക്കുകയും ബി എ യ്ക്ക് ചേര്‍ന്ന് ഇംഗ്ലീഷും മലയാളവും പാസ്സാവുകയും വീണ്ടും പഠിച്ച് തത്വശാസ്ത്രം പാസ്സായി ബി എ ഡിഗ്രി നേടുകയും ചെയ്തു. സ്വദേശാഭിമാനിയുടെ അന്ത്യകാലത്ത് അവര്‍ കണ്ണൂരില്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. പിന്നീടും അവര്‍ പഠിച്ചു. സാഹിത്യരചനകള്‍ നടത്തി. ആദ്യകാല വനിതാ പ്രസിദ്ധീകരണങ്ങളിലൊന്നായ ശാരദയുടെ പ്രസാധികയായി. പല കഥകളും ലേഖനങ്ങളും ഇംഗ്ലീഷില്‍ നിന്ന് മൊഴിമാറ്റം ചെയ്തു. പല സാഹിത്യപരിഷത്ത് സമ്മേളനങ്ങളിലും അധ്യക്ഷയായിരിക്കാന്‍ അവസരം ലഭിച്ചിട്ടും അവയൊക്കെ നിരസിച്ചു. കൊച്ചി മഹാരാജാവ് അവരുടെ സാഹിത്യസംഭാവനകളെ മാനിച്ച് 'സാഹിത്യസഖീ' ബിരുദം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.

രാജ്യഭ്രഷ്ടനായ ഭര്‍ത്താവിനോടൊരുമിച്ച്, നാടും വീടും ജോലിയും ബന്ധുക്കളെയുമെല്ലാം ത്യജിച്ച് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ടു ജീവിക്കുമ്പോഴും അവര്‍ ഒരിക്കലും തിരുവിതാംകൂറിലേക്ക് പോയില്ല. പോകാനുള്ള മോഹവുമുണ്ടായില്ല. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് നാടുകടത്തിയത്. ആ മഹാരാജാവിന്റെ മരണം വരെ സ്വന്തം നാടായ തിരുവിതാംകൂറിലേക്ക് പോയില്ല. അവരുടെ അസാമാന്യമായി നിശ്ചയദാര്‍ഢ്യത്തെ വെളിവാക്കുന്നുതാണിത്.

മരണത്തിനു തൊട്ടുമുമ്പ് സ്വദേശാഭിമാനി പിതൃസ്വത്തായി മക്കള്‍ക്കു കൊടുക്കാന്‍ നല്‍കിയത് തന്റെ തൂലികയായിരുന്നു. 'ഇവയുടെ സഹായം കൊണ്ടാണ് ഞാന്‍ ഈ ലോകത്ത് ജീവിച്ചത്. അവരും അങ്ങിനെതന്നെ കഴിയട്ടെ' ' എന്റെ കുട്ടികള്‍ക്കാണ്; സൂക്ഷിച്ചുവെയ്ക്കണേ!' എന്ന് ഭാര്യയെ പലവട്ടം ഓര്‍മപ്പെടുത്തി.

കല്ല്യാണിയമ്മ എങ്ങനെയായിരുന്നോ അതേ നിശ്ചയദാര്‍ഢ്യവും ധൈര്യവുമായിരുന്നു മകള്‍ ഗോമതിയമ്മയ്ക്കും. മുറിഞ്ഞുപോയ പഠനം പലപ്പോഴായാണ് പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് ബാരിസ്‌ററര്‍ പിള്ള. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് സ്ഥാപിച്ചയാള്‍. ഗാന്ധിജിയുടെ അനുയായി...

ദേശീയപ്രസ്ഥാനം തലയ്ക്കുപിടിച്ച് ഗോമതിയമ്മ ഹിന്ദി പഠിച്ചു. പലപ്പോഴും െ്രെപവറ്റായി തന്നെ...ഒപ്പം ഉര്‍ദുവും . കല്ല്യാണിയമ്മയുടേയും രാമകൃഷ്ണപിള്ളയുടെയും മകളായി ജനിച്ചതില്‍ അവരെ അനുസ്മരിച്ചെഴുതിയതാണ് 'ധന്യയായ് ഞാന്‍'..എന്ന് പുസ്തകം.

(മൂവരുടേയും പുസ്തകങ്ങളില്‍ പലതും ഇന്നു കിട്ടാനില്ല.)

കോഴിക്കോട് സാമൂതിരി സ്‌കൂളില്‍ അധ്യാപികയായിരുന്നു ഗോമതിയമ്മ. പിന്നീട് ഗൂരുവായുരപ്പന്‍ കോളേജില്‍ നിന്ന് പ്രൊഫസറായി 1963 ല്‍ റിട്ടയര്‍ ചെയ്തു. ധാരാളം ലേഖനങ്ങളും പുസ്തകളും ഗോമതിയമ്മയുടേതായുണ്ട്്. മഹാത്മാഗാന്ധിയടക്കമുള്ള പല മഹത് വ്യക്തികളെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. ആകാശവാണിയിലെ ആദ്യത്തെ വുമണ്‍ ബ്രോഡ്കാസ്റ്ററായിരുന്നു അവര്‍.

നിശ്ചയദാര്‍ഡ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ജീവിതപാഠങ്ങള്‍ നല്കിയ ഇവരെ എന്തുകൊണ്ട് മലയാളം മറന്നു എന്നറിഞ്ഞുകൂടാ..മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലും സാഹിത്യചരിത്രത്തിലും ഇവര്‍ക്കു വ്യക്തമായ സ്ഥാനമുണ്ട്. ശാരദയുടെ മുഖ്യ പത്രാധിപയും സാഹിത്യകാരിയുമായിരുന്ന തരവത്ത് ടി അമ്മാളു അമ്മയ്ക്ക് ഈ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഗോമതിയമ്മയുടെ മകന്‍ രാമകൃഷ്ണന്‍ ശങ്കേഴ്‌സ് വീക്കിലിയിലായിരുന്നു ജോലി നോക്കിയിരുന്നത്. ഇപ്പോള്‍ കോഴിക്കോട് വീട്ടില്‍. തന്റെ അമ്മയും മുത്തശ്ശിയും വീടിനേക്കാളേറെ സമൂഹത്തേയും ദേശത്തേയുമാണ് സ്‌നേഹിച്ചിരുന്നതെന്ന് അദ്ദേഹമോര്‍ക്കുന്നു.


സ്വദേശാഭിമാനിക്കുവന്ന പ്രസിദ്ധീകരിക്കാത്ത ചില കത്തുകളുടെ അടിസ്ഥാനത്തില്‍ 1978 ല്‍ ഗോമതിയമ്മ തയ്യാറാക്കിയ ലേഖനത്തിന്റെ കോപ്പി കാണാനിടയായി. അതില്‍ ഇങ്ങനെ എഴുതുന്നു.

...അച്ഛനും അമ്മയും എഴുതിയ ചില ഗ്രന്ഥങ്ങളുടെ ഫയല്‍കോപ്പിപോലും ശേഷിച്ചിട്ടില്ല. രണ്ടാം പതിപ്പുകാണാത്ത പലതും കൂട്ടത്തിലില്ല.

...(അസുഖം മൂര്‍ച്ഛിച്ചിരിക്കുന്ന ഘട്ടത്തിലും ഏതോ സുഹൃത്ത് മഹാരാജാവിനോട് മാപ്പക്ഷേച്ചില്ലാല്‍ തിരുവിതാംകൂറിലേക്ക് മടങ്ങിചെല്ലാം എന്നെഴുതുന്നുണ്ട്)

ഇങ്ങനെ കൂട്ടത്തിലില്ലാത്തതും ഓര്‍മയിലില്ലാത്തതുമായ എന്തൊക്കെയാണ് നമുക്കു മുന്നില്‍?

ചരിത്രത്തില്‍ എങ്ങനെയോ മുങ്ങിപ്പോയ രണ്ടു സ്ത്രീകളുടെ ഓര്‍മകള്‍ നിലനില്‍ക്കുന്ന ആ വീട് ഇന്ന് വിറ്റു കഴിഞ്ഞു. ആ വീട് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഇനി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുടുംബത്തിന് അനന്തരാവാകാശികളില്ല. അതുല്യരായ രണ്ടു സ്ത്രീകളുടെ സര്‍ഗ്ഗചോദനയെ ഉണര്‍ത്തിയ ആ വീട് നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിരുന്നു. ആരുമിതറിയാഞ്ഞിട്ടോ അറിഞ്ഞില്ലെന്ന് നടിച്ചിട്ടോ..അത്രവലിയ പ്രാധാന്യമില്ലാത്ത പലതും സ്മാരകങ്ങളായി നിലനിര്‍ത്തുമ്പോള്‍ ഇവിടെ നാളെ ബഹുനില ഫ്ലറ്റുയരും...ഇടിച്ചു നിരപ്പാക്കുമ്പോള്‍ പറക്കുന്ന മണ്‍ധൂളിയില്‍ അവര്‍ മാഞ്ഞുപോകാതിരിക്കട്ടെ!

എഴുത്തുകാരികളുടെ ശരീരം


എഴുത്തുകാരികളുടെ ശരീരം 

എഴുത്തു തലയ്ക്കു പിടിച്ചപ്പോള്‍ മുതല്‍ പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തവ പലതും അതേ വേഗത്തില്‍ തിരിച്ചു വന്നു. ചിലത് അച്ചടിച്ചു വന്നു. ഇപ്പോഴും അത് വലിയ വ്യത്യാസമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ എഴുത്തുപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പലപ്പോഴും വിചാരിക്കാറുണ്ട്. കുടുംബത്തിനും സമൂഹത്തിനും എഴുത്തിനുമിടയില്‍ കിടന്ന് ശ്വാസം മുട്ടിപ്പോകുന്നു. അപ്പോഴൊക്കെ മുമ്പേ കടന്നുപോയ എഴുത്തുകാരികളെയെല്ലാം പൂവിട്ട് ആരാധിക്കാനാണ് തോന്നാറ്. ആ മഹതികള്‍ എഴുത്തിന്റെ ലോകത്ത് പിടിച്ചു നില്ക്കാന്‍, ഹൃദയം എത്രമാത്രം കല്ലുറപ്പുള്ളതാക്കിയിട്ടുണ്ടാവും എന്നോര്‍ത്ത് അന്തം വിടുന്നു.

മഹാശ്വേതാദേവിക്ക് ജ്ഞാനപീഠം എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കണമെന്നാണ് ഒരു നേതാവിന്റെ പ്രസംഗത്തില്‍ നിന്ന് കേട്ടത്. മാത്രമല്ല എണ്‍പത്താറാം വയസ്സിലും അവര്‍ക്ക് സൂക്കേടുണ്ട്...(സൂക്കേടിന് പകരം കൊടുത്ത വാക്ക് സഭ്യമല്ല)

അതായത്, സ്ത്രീ ഏതു രംഗത്തേക്കു വരുന്നതും കണ്ണും കൈയ്യും കാണിച്ചും മേനി കാണിച്ചും പ്രലോഭിപ്പിച്ചും വേണമെങ്കില്‍ ശരീരം കാഴ്ചവെച്ചുമാണെന്ന് ചുരുക്കും. ഇത് ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ പുരുഷ എഴുത്തുകാര്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. കഥകളെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പുരുഷന്മാരും ഇങ്ങനെ പറയുന്നു എന്ന് കരുതരുത്. അസഹിഷ്ണുക്കളായ ചിലര്‍ മാത്രം. പക്ഷേ, വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശീലിക്കേണ്ട ചില മര്യാദകളുണ്ട്. സ്ത്രീയേ അപമാനിക്കാവുന്ന പല പ്രയോഗങ്ങളും ഉപയോഗിച്ചു കാണാറുണ്ട്. ചിലപ്പോള്‍ വ്യക്തിവൈരാഗ്യത്തിനുമേല്‍ പുരുഷനേയും. സ്ത്രീക്കുമേല്‍ സദാചാരത്തിന്റെ എതിര്‍വാക്കുകളും പുരുഷനെ വിവരമില്ലാത്തവനുമാക്കുന്നു. ഉപയോഗിച്ച വാക്ക് ശരിയല്ല എന്നാരെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ സഭ്യമാണെന്നു വരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അതുകാണുമ്പോള്‍ ഇവിടുത്തെ ഭാഷാശാസ്ത്രകാരന്‍മാര്‍ അന്തം വിട്ടു പോകുന്നു.

പറഞ്ഞുവന്നത് എഴുത്തുകാരിയുടെ ശരീരമാണ്. അല്ലെങ്കില്‍ കലാകാരിയുടെപുറത്തിറങ്ങുന്നവളുടെ...അംഗീകാരങ്ങള്‍ക്കു പിന്നില്‍ അവളുടെ സൃഷ്ടിയുടെ മഹത്വമല്ല, ശരീരത്തിന്റെ മഹത്വമാണ്. അങ്ങനെയെങ്കില്‍, ഹോ! സര്‍വ്വലോക വനിതകളെ എഴുത്ത് എന്നപേരും പറഞ്ഞ് നിങ്ങള്‍ സാഹിത്യലോകത്തേക്ക് വരിക. പത്രാധിപന്മാര്‍ കാത്തിരിക്കുന്നു. പാട്ടും നൃത്തവും അഭിനയവുമായി വരിക..കലാലോകം നിങ്ങള്‍ക്കായി തുറന്നു കിടക്കുന്നു. പെണ്ണിന് സ്വാതന്ത്ര്യവും സമത്വവുമില്ലെന്നാരു പറഞ്ഞു. എല്ലാം നേടിയെടുക്കാന്‍ പറ്റിയ ഒരു ശരീരമല്ലേ നിങ്ങള്‍ക്കുള്ളത്...
എന്നൊക്കെ പറയാനാണ് തോന്നുക.

അപ്പോള്‍ ആണ്‍ എഴുത്തുകാര്‍കലാകാരന്മാര്‍ എന്തടിയറ വെച്ചിട്ടാണാവോ മഹത്വത്തിലേക്കുയരുന്നത്? അത് ആരു വിശദീകരിച്ചു തരുമോ ആവോ...

തോട്ടയ്ക്കാട്ട് ഇക്കാവമ്മ മുതല്‍ ലളിതാംബിക അന്തര്‍ജ്ജനം വരെ എത്രയോ പേരെ എഴുത്തുകൊണ്ട് തന്നെ, ചില പ്രശസ്ത എഴുത്തുകാര്‍ വരെ എതിരിട്ടിരിക്കുന്നു. അവിടെയും എഴുത്തിന്റെ നെല്ലോ പതിരോ അല്ല, അവളുടെ ശരീരമാണ് വിഷയം. ഒരുവളുടെ അടങ്ങാത്ത ലൈംഗികതൃഷ്ണ അടക്കാന്‍ പറ്റാത്തതു കൊണ്ടാണത്രേ എഴുതുന്നത്. മാധവിക്കുട്ടിയെക്കുറിച്ചൊന്നും പറയുകേ വേണ്ട. അപ്പോള്‍ പുരുഷനെഴുതുന്നതോ... ഉദാത്ത ചിന്തകൊണ്ട്, സാമൂഹ്യബോധം കൊണ്ട്, ആത്മസത്തയുടെ സവിശേഷ ചൈതന്യം കൊണ്ട്, ദൈവികമായ പ്രചോദനം കൊണ്ട്, അന്തര്‍ജ്ഞാനം കൊണ്ട്....ഈ സവിശേഷ ഗുണങ്ങളൊന്നും സ്ത്രീ എഴുത്തിനില്ലെന്ന് ചില വിമര്‍ശകരും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീയെഴുത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ പോലെയാണ്...കണ്ണീരും കിനാവും പംക്തിയില്‍ കൊടുക്കാവുന്ന തരത്തിലുള്ള എഴുത്തുകള്‍ കൊടുത്താല്‍ പൊതുവേ സ്ത്രീകളോട് സോഫ്റ്റ് കോര്‍ണറുള്ള പുരുഷ പത്രാധിപന്മാര്‍ ഫോട്ടോ അടക്കം കൊടുത്ത ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കും. ഇങ്ങനെ പോകുന്നു നമ്മുടെ നിരൂപണങ്ങള്‍...
എഴുത്ത് സ്ത്രീയിലേക്കെത്തുമ്പോള്‍ എന്തുകൊണ്ട് ശരീരത്തിലേക്കാവുന്നു?

വിമര്‍ശിക്കേണ്ടത് സഹൃദയരാണ്. നല്ലതായാലും മോശമായാലും. സഹൃയരെന്നാല്‍ വായിക്കുന്നവര്‍ എന്നു പറയാം. സഹൃദയരല്ലാത്തവര്‍ക്ക് എഴുത്തിനെപ്പറ്റി അഭിപ്രായം പറയാനാവില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. അവിടെ എഴുത്ത്/രചനയാണ് മുഖ്യം. എഴുതിയ വ്യക്തിയല്ല. ആണോ പെണ്ണോ എന്ന വ്യത്യാസമല്ല. കാവ്യമീമാംസകാരനായ രാജശേഖരന്‍ സഹൃദയനെ നാലായി തിരിച്ചിട്ടുണ്ട്. അരോചികള്‍ എന്നു പറയുന്ന ഒന്നാമത്തെക്കൂട്ടര്‍ വിവേകശാലികളാണ്. സതൃണാഭ്യവഹാരികള്‍ എന്ന അടുത്തകൂട്ടര്‍ അടയോടുകൂടി ഇലയും തിന്നുന്നവരാണ്. മൂന്നാമത്തെക്കൂട്ടര്‍ ഗുണങ്ങള്‍ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന മത്സരികളാണ്. തത്ത്വാഭിനേശികള്‍ എന്ന അവസാനത്തെക്കൂട്ടര്‍ക്ക് എഴുത്തിന്റെ ധര്‍മ്മം നന്നായി അറിയുന്നവരാണ്. പുണ്യശാലികളായ ചിലര്‍ക്കു മാത്രമേ ഇത്തരം സഹൃദയരെ കിട്ടൂ എന്നും കാവ്യമീമാംസാകാരന്‍ പറയുന്നു.

എഴുത്തുകാരന്റെ കൃതി വായിക്കാതെ അതിന്റെ ഗുണദോഷങ്ങളെ പറ്റി എങ്ങനെ പറയാനാവും? എഴുത്തുമായി ബന്ധപ്പെട്ട് എഴുതിയ വ്യക്തിയെപ്പറ്റി എങ്ങനെ പറയാനാവും?

വായ്ക്ക് തോന്നുന്നത് കോതയക്ക് പാട്ടെന്നോ?

അത്ര നിസ്സാരമായി എഴുത്തിനേയും കലയേയും കാണാനാവുമോ? അത് നിര്‍വ്വഹിക്കുന്നത് പെണ്ണായതുകൊണ്ട് എന്തും ആര്‍ക്കും പറയാമെന്നോ?

പ്രസവിക്കുക എന്ന സൃഷ്ടി മാത്രമേ സ്ത്രീക്കു പാടുള്ളു എന്ന അലിഖിത നിയമം ചിലരിലെങ്കിലും നിലനില്ക്കുന്നു. മറ്റു സൃഷ്ടികള്‍ പുരുഷന് മാത്രവും.

എഴുത്തുകാരികള്‍ക്ക് നല്ല മാര്‍ക്കറ്റുണ്ട് എന്നതാണ് മറ്റൊന്ന്. അടുപ്പമുള്ളവരില്‍ നിന്നുപോലും ഈ വാക്കുകള്‍ കേട്ടിട്ടുണ്ട്. പെണ്‍പേരുവെച്ച് എന്തു കൊടുത്താലും പ്രസിദ്ധീകരിച്ചു വരും. ആണുങ്ങള്‍ക്കിവിടെ പിടിച്ചു കയറാന്‍ വലിയ പാടാണ് എന്ന്.

എന്തെല്ലാം ആരോപണങ്ങള്‍ കേട്ടുകൊണ്ടാവും നമ്മുടെ ഓരോ എഴുത്തുകാരികളും ജീവിച്ചിട്ടുണ്ടാവുക? കുടുംബത്തേയും സമൂഹത്തേയും ഭയന്നിട്ടാണ് ചെറുപ്പത്തില്‍ എഴുതാതിരുന്നതെന്ന് മധ്യവയസ്സിനുശേഷം എഴുത്തില്‍ സജീവമായ എഴുത്തികാരികള്‍ പറയാറുണ്ട്.

വളരെ കുറച്ചുകാലത്തെ അനുഭവം കൊണ്ട് ഇവള്‍ക്കും അതു ബോധ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഉപദേശ രൂപത്തിലാണ് കിട്ടാറ്. അടുപ്പമോ പരിചയമോ ഇല്ലാത്ത പുരുഷന്മാരില്‍ നിന്ന്...ഇപ്പറഞ്ഞത് അതിശയോക്തിയായി ആര്‍ക്കെങ്കിലും തോന്നിയാല്‍ നൂറുകണക്കിന് കത്തുകള്‍ തെളിവായിട്ടുണ്ട്.

എഴുതുന്നെങ്കില്‍ ദൈവചനങ്ങളെഴുതുക., അടങ്ങിയൊതുങ്ങി ജീവിക്കാന്‍ നോക്കുക, നരകശിക്ഷയെപ്പറ്റിയും ചിലരോര്‍മിപ്പിക്കാറുണ്ട്. ഈ കോളത്തിനു മുകളിലെ ഇത്തിരിപ്പോന്ന ഫോട്ടോ കണ്ട് തലമുടി മറച്ചും പര്‍ദയിട്ടും മിടുക്കിയാവാന്‍ ആവശ്യപ്പെടാറുണ്ട്..പലപ്പോഴും കത്തുകളിലെ ഉള്ളടക്കം ഇങ്ങനെപോകും.

അപ്പോഴൊക്കെ കുട്ടിയായിരുന്നപ്പോഴുള്ള ചില കാര്യങ്ങള്‍ ഓര്‍ത്തു പോകാറുണ്ട്.

രണ്ടുവീടുകള്‍ക്കപ്പുറമുള്ള അയല്‍വക്കം കുശവന്‍മാരുടെ വീടായിരുന്നു. പകല്‍ മുഴുവന്‍ അവര്‍ അടുപ്പുകളുണ്ടാക്കിക്കൊണ്ടിരുന്നു. ചിലപ്പോള്‍ മണ്‍പാത്രങ്ങള്‍..വേലിക്കല്‍ ചെന്നുനിന്ന് അതെങ്ങനെ നിര്‍മിക്കുന്നു എന്നു നോക്കി നില്ക്കലായിരുന്നു അവധി ദിവസങ്ങളിലെ പ്രധാന പരിപാടി. പിന്നെ പിന്നെ ഞങ്ങളും കളിമണ്ണു തേടിയിറങ്ങി. പ്രായം അനുകരണത്തിന്റേതായതുകൊണ്ടോ എന്തോ കുഞ്ഞു കുഞ്ഞ് ചട്ടിയും കലവും കാര്‍ത്തികവിളക്കും അടുപ്പുമെല്ലാം ഞങ്ങളുമുണ്ടാക്കി മുറ്റത്ത് ഉണങ്ങാന്‍ വെച്ചു. പക്ഷേ, ഉണങ്ങിക്കിട്ടും മുമ്പേ, അടുത്ത വീട്ടിലെ പയ്യന്‍ വന്ന് അതിനുമേലേ മൂത്രമൊഴിച്ചു. ഒരു ദിവസത്തെ അലച്ചിലിനും പണിക്കും അതിനേക്കാളേറെ ഞങ്ങളുടെ കൗതുകത്തിനും മേലേക്കായിരുന്നു ആ മൂത്രം വന്നു വീണത്. കുട്ടികളാവുമ്പോള്‍ അങ്ങനെയൊക്കെയുണ്ടായേക്കാം എന്ന് ന്യായം കണ്ടെത്തിയേക്കാം. കരച്ചിലിന്റെ വക്കില്‍ നിന്ന ഞങ്ങളെ അമ്മച്ചി സമാധാനിപ്പിച്ചതും അങ്ങനെയാണ്. സത്യത്തില്‍ അപ്പോള്‍ മാത്രമാണ് കുട്ടികളായ ഞങ്ങളുടെ ഈ പ്രവൃത്തി അമ്മച്ചി ഇഷ്ടപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതും.

ഏതായാലും ഞങ്ങളുടെ നിര്‍മാണപ്രവൃത്തികളില്‍ മുഴുവന്‍ അവന്‍ വില്ലനായി. കൊച്ചുപൂന്തോട്ടത്തിലെ പൂക്കള്‍ പറിച്ചു കളയുക, ചെടികള്‍ പിഴുതുകളയുക അങ്ങനെ അങ്ങനെ...സഹസ്രാബ്ദങ്ങളായി പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ, പരാജിതരായ പെണ്ണിന്റെ പ്രതിനിധികളായി ഞങ്ങള്‍. രണ്ടു പെണ്‍കുട്ടികളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെ തച്ചുടച്ച അവനെന്നും ജേതാവായി..ഏതായാലും കളിമണ്ണില്‍ കവിത എഴുതാന്‍ ശ്രമിച്ച ഇവളുടെ മോഹങ്ങള്‍ അതോടെ നിന്നു.

പിന്നെ തുടങ്ങിയത് പടം വരയ്ക്കാനായിരുന്നു. നോട്ടുബുക്കിന്റെ പിന്നിലെ താളുകള്‍ ചിത്രങ്ങള്‍കൊണ്ടു നിറഞ്ഞു. ചിലപ്പോള്‍
താളുകീറി വരച്ചുകൊണ്ടിരുന്നു. അതൊന്നും അമ്മച്ചിക്കത്ര ഇഷ്ടമായിരുന്നില്ല. നോട്ടുബുക്ക് വൃത്തിയായി സൂക്ഷിക്കണമെന്നും താളുകീറരുതെന്നുമൊക്കെയായിരുന്നു നിബന്ധന. ചിത്ര രചനയെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ലെന്നാണ് ഓര്‍മ.

പലപ്പോഴായി കിട്ടിയ ചില്ലറകള്‍ സൂക്ഷിച്ചുവെച്ചാണ് കളര്‍പെന്‍സില്‍ വാങ്ങിച്ചത്. നോട്ടുബുക്കിന്റെ പിന്നില്‍ ഒരുപെണ്‍കുട്ടിയെ വരച്ച് നിറം കൊടുത്തു. എന്തൊരു സന്തോഷമായിരുന്നു! അന്ന് മദ്രസയില്‍ പോകുന്നുണ്ട്. കൂട്ടുകാരെയൊക്കെ വലിയ സന്തോഷത്തോടെ ആദ്യമായി നിറംകൊടുത്ത ആ ചിത്രം കാണിച്ചു. 'ഭാഗ്യ'ത്തിന് ആ ചിത്രം കൂട്ടുകാരിലൊരാള്‍ മദ്രസാധ്യാപകനെ കാണിച്ചു. ക്ലാസിലെ ഒരാണ്‍കുട്ടി വരയക്കും. അവന്റെ ചിത്രങ്ങള്‍ കണ്ട് അദ്ദേഹം ഇനിയും വരയ്ക്കണമെന്നൊക്കെ പറയും. ചിത്രം നോക്കിനില്ക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷയോടെ അദ്ദേഹത്തെ ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍, ബുക്കിന്റെ അവസാനതാള്‍ വലിച്ചുകീറി ജനലിനു പുറത്തേക്ക് എറിയുകയാണ് ചെയ്തത്. മേലില്‍ ഇത്തരം ചിത്രങ്ങള്‍ വരയ്ക്കരുതെന്ന ആജ്ഞയും.

ഞാന്‍ വരച്ചത് മനുഷ്യന്റെ ചിത്രമാണ്. പരലോകത്ത് വെച്ച് ദൈവം ആ മനുഷ്യന് ജീവന്‍ വെപ്പിക്കാന്‍ പറയുമത്രേ! അപ്പോള്‍ ജീവന്‍ വെപ്പിക്കാനാവുമോ? അത് ദൈവത്തിനുമാത്രമുള്ള അവകാശമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞ ന്യായം.

എന്നാല്‍, ആണ്‍ സഹപാഠിയോട് എന്തുകൊണ്ട് അദ്ദേഹമത് പറഞ്ഞില്ല. അവന്‍ സര്‍വ്വ മൃഗങ്ങളേയും പക്ഷികളേയും വരയ്ക്കുമായിരുന്നു. മരത്തേയും കാടിനേയും വരയ്ക്കുമായിരുന്നു. അവയ്ക്കും ജീവനുണ്ടെന്നാണ് ഇവളുടെ അറിവ്.
ഏതായാലും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ഇവള്‍ക്കല്പം യുക്തിബോധമുണ്ടാവുകയാണു ചെയതത്.

എഴുത്തിലേക്ക് കടന്നുവന്നപ്പോള്‍ കുട്ടിക്കാലത്തേ കിട്ടിത്തുടങ്ങിയ സൃഷ്ടിപരമായ എതിര്‍പ്പുകളും ഉപദേശങ്ങളും മനസ്സിനെ കല്ലാക്കിക്കൊണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ അങ്ങനെ നടിക്കാനെങ്കിലും മനസ്സിനെ പാകപ്പെടുത്തിയിരിക്കണം.


ഉപദേശങ്ങള്‍ ചിലപ്പോള്‍ ഭീഷണിയും പച്ചത്തെറികളുമായി മാറാറുണ്ട്...ചില നേരത്തെങ്കിലും അധീരയായി മാറാറുണ്ട്. അപ്പോഴാണ് എഴുതുകയേ വേണ്ട എന്നൊക്കെ തോന്നിപ്പോകുന്നത്.

ചില മാന്യ ദേഹങ്ങള്‍ ഭര്‍ത്താവിനും ഊമക്കത്തയയ്ക്കും. ഭാര്യ എഴുതി പ്രശസ്തയായാല്‍ അവള്‍ വേറെ വഴിക്കുപോകും..നിങ്ങള്‍ക്ക് ഭാര്യയും മകള്‍ക്ക് അമ്മയേയും വേണമെങ്കില്‍ എഴുത്തു നിര്‍ത്തി വീട്ടിലിരുത്തുക. ചിലര്‍ ഫോണില്‍ വിളിക്കാനും മടിക്കില്ല അവളുടെ ഫോണ്‍ ശ്രദ്ധിക്കുക, മെയില്‍, ഫെയ്‌സ്ബുക്ക് പാസ്വേര്‍ഡുകള്‍ വാങ്ങിവെയ്ക്കുക..ഇല്ലെങ്കില്‍ നിങ്ങള്‍ക്കവളെ നഷ്ടപ്പെട്ടേക്കാം.
ശരി, അവളുടെ പാസ്വേര്‍ഡുകള്‍ വാങ്ങി അവളെ വീട്ടിലടച്ചിട്ടു എന്നിരിക്കട്ടെ പക്ഷേ, അവളുടെ മനസ്സിന്റെ പാസ്വേര്‍ഡ് എനിക്കൊപ്പമല്ലെങ്കില്‍ പിന്നെന്തുകാര്യം എന്ന് അവന്‍ തിരിച്ചു ചോദിക്കുന്നു.

വളരെക്കുറച്ചുകാലത്തെ എഴുത്തിലൂടെ ഇങ്ങനെയൊക്കെ നേരിടേണ്ടി വരുമ്പോള്‍ വാക്കിന്റെ ലോകത്തേക്ക് കടന്നു വന്ന എല്ലാ എഴുത്തുകാരികളെയും ആദരവോടെ ഓര്‍ക്കുന്നു.

ഒരു നടി വിവാഹിതയാവുന്നു എന്ന വാര്‍ത്തയ്ക്കുള്ള ചെറുപ്പക്കാരന്റെ പ്രതികരണമിതായിരുന്നു.

'അങ്ങനെ ഒരു പൊതുമുതല്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നു' അത് പൊതു ഇടത്തില്‍ പറയുന്നതും സ്വകാര്യഇടത്തില്‍ പറയുന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഈ അന്തരം എന്താണെന്നാണ് നമുക്കു ചുറ്റുമുള്ള പലര്‍ക്കുമറിയാത്തതും. പെണ്ണ് ആരുടേയും സ്വകാര്യസ്വത്തല്ല. പൊതുമുതല്‍ തന്നെയാണ്. അത് നല്ല അര്‍ത്ഥത്തില്‍...പക്ഷേ, ആര്‍ക്കെങ്കിലും സ്വകാര്യമാണ് എന്നു തോന്നുന്നെങ്കില്‍ അത് വിഡ്ഢിത്തം മാത്രമാണ്. 'പൊതു' എന്നുള്ളതുകൊണ്ട് ആര്‍ക്കും എന്തും പറയാമെന്നോ തോന്നിയപോലെ പെരുമാറാമെന്നോ കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മറന്നേക്കുക.

പെണ്ണിനെ, അവളുടെ ശരീരത്തെപ്പറ്റി, അവളുടെ കഴിവുകളെപ്പറ്റി അശ്ലീലത്തില്‍ കുറിക്കുമ്പോള്‍, പറയുമ്പോള്‍ ഇക്കിളിപ്പെടാന്‍ കുറേപ്പേരുണ്ടാവാം. പക്ഷേ, എക്കാലവും അതുകേട്ടിരിക്കാന്‍, പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ, പരാജിതരായ പെണ്ണിന്റെ പ്രതിനിധികളാകാന്‍ ഇനിയെങ്കിലും ഞങ്ങള്‍ക്കാവില്ല.